ബാഴ്സലോണയിലേക്ക് ലയണൽ മെസിക്കൊരു തിരിച്ചുവരവ് സാധ്യമെങ്കിൽ അത് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാത്രമായിരിക്കും. രണ്ടു വർഷങ്ങൾക്ക് മുൻപ് ക്ലബ് വിട്ട താരം ഫ്രീ ഏജന്റായതിനെ തുടർന്ന് വരുന്ന സമ്മറിൽ ബാഴ്സക്ക് താരത്തെ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഇതുവരെയും പിഎസ്ജി കരാർ പുതുക്കാൻ ലയണൽ മെസി തയ്യാറായിട്ടില്ലെന്നതിനാൽ താരത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബാഴ്സലോണ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സലോണയെ സംബന്ധിച്ച് ലയണൽ മെസിയെ തിരിച്ചെത്തിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. നിലവിൽ ടീമിലുള്ള താരങ്ങളെ ഒഴിവാക്കിയും വേതനബില്ലിൽ മാറ്റങ്ങൾ വരുത്തിയുമെല്ലാം മാത്രമേ ലയണൽ മെസിയെ ബാഴ്സക്ക് ടീമിലെത്തിക്കാൻ കഴിയൂ. ലാലിഗ ബാഴ്സയെ സമ്മർദ്ദത്തിലാക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതിനാൽ വലിയ പ്രതിസന്ധി തന്നെ ബാഴ്സലോണ ഇക്കാര്യത്തിൽ അഭിമുഖീകരിക്കുന്നുണ്ട്.
Barcelona proposed a salary reduction to Kessié and Christensen, but the response was negative. @sport #fcblive pic.twitter.com/TbgPbgfwmz
— barcacentre (@barcacentre) April 25, 2023
അതേസമയം ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാക്കി ബാഴ്സലോണ വേതനബിൽ കുറക്കാൻ ബാഴ്സലോണയുടെ രണ്ടു താരങ്ങൾ തയ്യാറാകുന്നില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ബാഴ്സലോണ പ്രതിരോധതാരമായ ആന്ദ്രേ ക്രിസ്റ്റിൻസെൻ, മധ്യനിര താരം ഫ്രാങ്ക് കെസീ എന്നിവരാണ് വേതനം കുറക്കുന്നതിനോട് വിസമ്മതം പ്രകടിപ്പിക്കുന്നതെന്ന് സ്പോർട്ട് വെളിപ്പെടുത്തുന്നു.
ഈ രണ്ടു താരങ്ങളും മറ്റു ക്ലബുകളുടെ മികച്ച ഓഫറുകൾ വേണ്ടെന്നു വെച്ചാണ് ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണയിലേക്ക് ചേക്കേറിയത്. ഒരു വർഷം തികയും മുൻപേ കരാറിൽ മാറ്റങ്ങൾ വരുത്താനുള്ള ക്ലബിന്റെ നീക്കം ശരിയായ നടപടിയല്ലെന്ന് രണ്ടു താരങ്ങളും കരുതുന്നു. ലയണൽ മെസിയെ തിരിച്ചു കൊണ്ടു വരാൻ ബാഴ്സലോണ മറ്റു വഴികൾ കണ്ടെത്തുകയാണ് നല്ലതെന്നാണ് ഈ താരങ്ങളുടെ അഭിപ്രായം.
ലയണൽ മെസിയെ നിലനിർത്താൻ പിഎസ്ജിക്ക് താൽപര്യമുണ്ടെങ്കിലും താരം ഇതുവരെ അതിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ലോകകപ്പിന് ശേഷം ഫ്രാൻസിലെ ആരാധകർ തനിക്കെതിരായതാണ് ലയണൽ മെസിയെ ക്ലബ് വിടാൻ പ്രധാനമായും പ്രേരിപ്പിക്കുന്നത്. എന്നാൽ ബാഴ്സലോണയ്ക്ക് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ലയണൽ മെസി പിഎസ്ജിയിൽ തന്നെ തുടരുന്നുണ്ടാകും.
Barcelona Players Reject Wage Reduction For Lionel Messi Return