കോപ്പ ഡെൽ റെയിൽ ഇന്നലെ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടി ബാഴ്‌സലോണ പ്രീ ക്വാർട്ടർ ഘട്ടത്തിലേക്ക് പ്രവേശിച്ചു. സ്പെയിനിലെ ലോവർ ഡിവിഷൻ ക്ലബായ സിഎഫ് ഇന്റർസിറ്റിക്കെതിരെ അവരുടെ മൈതാനത്തു നടന്ന മത്സരത്തിലാണ് ബാഴ്‌സലോണ വിജയം നേടിയത്. ഓരോ തവണ ബാഴ്‌സലോണ ലീഡ് നേടുമ്പോഴും അതിനു പിന്നാലെ സമനില ഗോൾ കണ്ടെത്തിയിരുന്ന ഇന്റർ സിറ്റിക്കെതിരെ ഇഞ്ചുറി ടൈമിൽ യുവതാരം അൻസു ഫാറ്റിയാണ് വിജയഗോൾ നേടിയത്. നിരവധി അവസരങ്ങൾ തുലച്ചതാണ് ബാഴ്‌സയുടെ വിജയം വൈകിപ്പിച്ചത്.
റോബർട്ട് ലെവൻഡോസ്‌കിക്ക് വിശ്രമം നൽകിയ മത്സരത്തിൽ യുവതാരം പാബ്ലോ ടോറെ ആദ്യ ഇലവനിൽ ഇടം പിടിച്ചിരുന്നു. ടോറെയുടെ അസിസ്റ്റിൽ നാലാം റൊണാൾഡ് അറോഹോയാണ് ബാഴ്‌സലോണയെ മത്സരത്തിൽ മുന്നിലെത്തിച്ചത്. ആദ്യപകുതിയിൽ മറ്റു ഗോളുകളൊന്നും പിറന്നില്ലെങ്കിലും രണ്ടാം പകുതിയിൽ ഓറിയൽ പൂയ്‌ജിലൂടെ ഇന്റർസിറ്റി തിരിച്ചടിച്ചു. അതിനു പിന്നാലെ ഒസ്മാനെ ഡെംബലെ വീണ്ടും ബാഴ്‌സയുടെ ലീഡ് ഉയർത്തി. യുവതാരം ഗാവിയാണ് അസിസ്റ്റ് നൽകിയത്. എന്നാൽ ബാഴ്‌സലോണയുടെ സന്തോഷത്തിനു ഏതാനും മിനിറ്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ഓറിയൽ പുയ്‌ജ് വീണ്ടും ടീമിനെ ഒപ്പമെത്തിച്ചു.
എഴുപത്തിയേഴാം മിനുട്ടിൽ റഫിന്യ ഗോൾ നേടിയതോടെ ബാഴ്‌സലോണ മത്സരം സ്വന്തമാക്കുമെന്ന പ്രതീക്ഷ വന്നെങ്കിലും ഇന്റർസിറ്റി തോൽക്കാൻ തയ്യാറല്ലായിരുന്നു. എൺപത്തിയാറാം മിനുട്ടിൽ ഹാട്രിക്ക് സ്വന്തമാക്കി ഓറിയൽ പുയ്‌ജ് ടീമിനെ വീണ്ടും ഒപ്പമെത്തിച്ചു. 2021ലെ ചാമ്പ്യൻസ് ലീഗിൽ എംബാപ്പെ ഹാട്രിക്ക് നേടിയതിനു ശേഷം ആദ്യമായാണ് ഒരു താരം ബാഴ്‌സക്കെതിരെ മൂന്നു ഗോളുകൾ നേടുന്നത്. എന്നാൽ താരത്തിനും ഇന്റർസിറ്റിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇഞ്ചുറി ടൈമിലെ ഗോളിൽ ബാഴ്‌സലോണ വിജയം സ്വന്തമാക്കി. ബ്രസീലിയൻ താരം റാഫിന്യയുടെ അസിസ്റ്റിൽ യുവതാരം അൻസു ഫാറ്റിയാണ് ഗോൾ നേടിയത്.
SOLDEVILA PUIG 😤
— ESPN FC (@ESPNFC) January 4, 2023
A HAT TRICK AGAINST BARCELONA! pic.twitter.com/y1oZXgIHyK
മത്സരത്തിൽ ഇന്റർസിറ്റി തോൽവി വഴങ്ങിയെങ്കിലും ടീമും ഹാട്രിക്ക് നേടിയ പുയ്‌ജ്ഉം നടത്തിയ പോരാട്ടവീര്യം ആരാധകരുടെ മനസു കവർന്നിരുന്നു. സ്പെയിനിലെ മൂന്നാം ഡിവിഷനിൽ പതിനാറാം സ്ഥാനത്തു നിൽക്കുന്ന ക്ലബാണ് ബാഴ്‌സലോണയെ വിറപ്പിച്ചത്. ഇരുപത്തിയൊന്നാം വയസിൽ ബാഴ്‌സക്കെതിരെ ഹാട്രിക്ക് നേടാൻ കഴിഞ്ഞതിൽ പുയ്‌ജിനും അഭിമാനിക്കാം. ബാഴ്‌സലോണയുടെ മുൻ അക്കാദമി താരം കൂടിയാണ് പുയ്‌ജ്.
Inter Milan hand Napoli their first #SerieA loss of the season 🔵⚫ pic.twitter.com/IIo47vFXt1
— SuperSport Football ⚽️ (@SSFootball) January 4, 2023
സീരി എയിൽ നടന്ന മറ്റൊരു മത്സരത്തിൽ നാപ്പോളിയുടെ വിസ്‌മയക്കുതിപ്പ് ഇന്റർ മിലൻ അവസാനിപ്പിച്ചു. ഈ സീസണിൽ ഒരു സീരി എ മത്സരത്തിലും നാപ്പോളി ഇതുവരെയും തോൽവി വഴങ്ങിയിരുന്നില്ല. എഡിൻ സീക്കോ നേടിയ ഒരേയൊരു ഗോളാണ് ഇന്റർ മിലാനു വിജയം നൽകിയത്. മത്സരത്തിൽ തോൽവി നേരിട്ടെങ്കിലും പതിനാറു മത്സരങ്ങളിൽ 41 പോയിന്റുമായി നാപ്പോളി തന്നെയാണ് മുന്നിലുള്ളത്. 36 പോയിന്റുമായി മിലാൻ, 34 പോയിന്റുമായി യുവന്റസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ 33 പോയിന്റുമായി ഇന്റർ നാലാമതാണ്.