ലയണൽ മെസി ബാഴ്സലോണ വിട്ടത് അപ്രതീക്ഷിതമായ ഒന്നായിരുന്നു. 2021ൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ വിജയം നേടിയതിനു ശേഷം ക്ലബ്ബിലേക്ക് കരാർ പുതുക്കാൻ വേണ്ടി മെസി തിരിച്ചു വന്നെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ കാരണം അതിനു കഴിയില്ലെന്ന് ബാഴ്സലോണ അറിയിക്കുകയായിരുന്നു. ഇതോടെ പതിനാലാം വയസു മുതൽ ബാഴ്സലോണയിൽ ഉണ്ടായിരുന്ന താരത്തിന് വളരെയധികം വേദനയോടെ ക്ലബ് വിടേണ്ട സാഹചര്യമാണ് വന്നു ചേർന്നത്.
മെസി പോയത് ബാഴ്സലോണയെ പല രീതിയിലും ബാധിച്ചിരുന്നു. താരം ക്ലബ് വിട്ടതിനു ശേഷമുള്ള രണ്ടു സീസണിലും ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ ബാഴ്സലോണക്ക് കഴിഞ്ഞില്ല. സാവി പരിശീലകനായി എത്തിയതിനു ശേഷം ലീഗ് ഉൾപ്പെടെയുള്ള കിരീടങ്ങൾ സ്വന്തമാക്കിയെങ്കിലും മെസിയുടെ അഭാവം ടീമിനെ ബാധിച്ചുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചടി നേരിട്ടത് ഫ്രീകിക്കിൽ നിന്നും ഗോളുകൾ നേടുന്ന കാര്യത്തിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Free-kicks goals since Leo Messi left Barcelona in 2021:
– Leo Messi: 9
– Barcelona: 0 pic.twitter.com/VVHOqqfYCV— Barça Universal (@BarcaUniversal) September 9, 2023
മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസി ബാഴ്സലോണ വിട്ട 2021 സമ്മറിനു ശേഷം ഒരിക്കൽ പോലും ഒരു ഫ്രീകിക്ക് ഗോൾ നേടാൻ ക്ലബിന് കഴിഞ്ഞിട്ടില്ല. നിരവധി താരങ്ങൾ ബാഴ്സലോണ ടീമിന് വേണ്ടി ഫ്രീ കിക്കുകൾ എടുത്തെങ്കിലും ഒരെണ്ണം പോലും വലയിലെത്തിക്കാൻ ആർക്കും കഴിഞ്ഞില്ല. അതേസമയം ലയണൽ മെസി ഫ്രീകിക്ക് ഗോളുകൾ നേടുന്ന കാര്യത്തിൽ കൂടുതൽ മികവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബാഴ്സലോണ വിട്ടതിനു ശേഷം ഒൻപത് ഫ്രീകിക്ക് ഗോളുകൾ മെസി നേടിക്കഴിഞ്ഞു.
ബാഴ്സലോണ ടീമിന് മെസി എത്ര പ്രധാനപ്പെട്ടതായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിലേക്ക് തിരിച്ചുവരാൻ ലയണൽ മെസിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ തന്നെ ക്ലബിന് സ്വന്തമാക്കണമെങ്കിൽ നിലവിൽ ടീമിലുള്ള ഏതാനും താരങ്ങളെ ഒഴിവാക്കേണ്ടി വരുമെന്ന സാഹചര്യം വന്നതിനാൽ മെസി തന്നെ അതിൽ നിന്നും പിന്മാറി. തുടർന്ന് അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ മെസി മിന്നും പ്രകടനമാണ് നടത്തുന്നത്.
Barca Worst Free Kick Record After Messi