ഒന്നര പതിറ്റാണ്ടോളം ബാഴ്സലോണ മധ്യനിരയിൽ തന്റെ സ്ഥാനം മറ്റാർക്കും വിട്ടു കൊടുക്കാതെ കളിച്ച താരമാണ് സെർജിയോ ബുസ്ക്വറ്റ്സ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഇനി ബാഴ്സലോണക്കൊപ്പം ഉണ്ടാകില്ലെന്ന കാര്യത്തിൽ തീരുമാനം എടുത്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ താരത്തിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാഴ്സലോണ. ആറു താരങ്ങളെ ബുസിക്ക് പകരമായി ബാഴ്സലോണ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ജെറാർഡ് റോമെറോ വെളിപ്പെടുത്തുന്നത് പ്രകാരം ലാ ലീഗയിൽ നിന്ന് തന്നെയുള്ള രണ്ടു താരങ്ങളാണ് സാവിയുടെ പ്രധാന പരിഗണനയിലുള്ളത്. റയൽ സോസിഡാഡ് താരമായ മാർട്ടിൻ സുബമെന്റിയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. എന്നാൽ താരത്തിനായി വലിയ തുക ബാഴ്സ മുടക്കേണ്ടി വരും. മറ്റൊരു താരം റയൽ ബെറ്റിസിന്റെ അർജന്റീന താരം ഗുയ്ഡോ റോഡ്രിഗസാണ്. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തിൽ സാവിക്ക് വളരെ താൽപര്യമുണ്ട്.
It's a long list, with varying degrees of likelihood. #Barca https://t.co/jKM6Jozd6L
— Football España (@footballespana_) May 25, 2023
അപ്രതീക്ഷിതമായി ലിസ്റ്റിൽ വന്ന താരം റോയൽ ആന്റ്വേർപ്പിന്റെ ആർതർ വേർമീരനാണ്. പതിനെട്ടാം വയസിൽ തന്നെ ടീമിന്റെ മധ്യനിരയിൽ സ്ഥിരമായി ബെൽജിയൻ താരം കളിക്കുന്നു. താരത്തിന്റെ പ്രകടനം വീക്ഷിക്കാൻ ബാഴ്സ സ്കൗട്ടുകളെ അയച്ചിട്ടുമുണ്ട്. മറ്റൊരു താരം വോൾവ്സിന്റെ റൂബൻ നെവസാണ്. എന്നാൽ പോർച്ചുഗൽ താരത്തെ ബുസിക്ക് സമാനമായ ഒരു പൊസിഷനിൽ കളിപ്പിക്കാൻ കഴിയില്ലെന്ന് സാവി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മൊറോക്കോയുടെ ലോകകപ്പ് ഹീറോയായ സോഫിയാൻ അംറാബാത് ആണ് മറ്റൊരു താരം. എന്നാൽ ലിസ്റ്റിലുള്ള മറ്റൊരു താരത്തെയും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ ഫിയോറെന്റീന താരത്തെ പരിഗണിക്കുകയുള്ളൂ. അതിനു പുറമെ ജിറോണയിൽ കളിക്കുന്ന ഓറിയൽ റോമിയൂവിനേയും ബാഴ്സ ലക്ഷ്യമിടുന്നുണ്ട്. മുൻ ലാ മാസിയ അക്കാദമി താരമായ റോമിയൂവിനെ വലിയ ട്രാൻസ്ഫർ ഫീസ് ഇല്ലാതെ തന്നെ സ്വന്തമാക്കാൻ കഴിയുന്ന ഒരു ഓപ്ഷനെന്ന നിലയിലും ബാഴ്സ കണക്കാക്കുന്നു.
Barcelona Listed 6 Players To Replace Sergio Busquets