പിഎസ്ജിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കുമെന്നിരിക്കെ ലയണൽ മെസി ബാഴ്സലോണയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ വളരെയധികം വർധിച്ചിട്ടുണ്ട്. അടുത്ത സമ്മറിൽ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സലോണ ആരംഭിച്ചുവെന്ന റിപ്പോർട്ടുകളും ശക്തമാണ്. അതിനിടയിൽ ബാഴ്സലോണയുടെ സാമ്പത്തികവിഭാഗം വൈസ് പ്രസിഡന്റ് മെസിയെ സ്വന്തമാക്കാനുള്ള ശേഷി ബാഴ്സലോണക്കുണ്ടെന്നും താരത്തിനായി ഇപ്പോഴും ക്ലബിന്റെ വാതിലുകൾ തുറന്നു കിടക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ലയണൽ മെസിയെ ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കണമെങ്കിൽ മൂന്നു കാര്യങ്ങൾ സംഭവിക്കണമെന്നാണ് കാറ്റലൻ മാധ്യമമായ സ്പോർട്ട് പറയുന്നത്. ബാഴ്സലോണക്ക് താരത്തെ തിരിച്ചെത്തിക്കാനുള്ള ആഗ്രഹമുള്ളപ്പോൾ തന്നെ ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന മെസിയെ ക്ലബിനൊപ്പം നിലനിർത്താൻ പിഎസ്ജിയും കഴിവിന്റെ പരമാവധി ശ്രമം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മെസിയെ ബാഴ്സലോണയിലെത്തണമെങ്കിൽ മൂന്നു കാര്യങ്ങൾ ഒരുപോലെ സംഭവിക്കണമെന്ന് സ്പോർട്ട് വെളിപ്പെടുത്തുന്നത്.
ആദ്യമായി വേണ്ടത് ലയണൽ മെസിക്ക് ബാഴ്സലോണയിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹമാണ്. ക്ലബിൽ നിന്നും അത്ര മികച്ച രീതിയിലല്ല മെസിക്ക് പടിയിറങ്ങേണ്ടി വന്നത്. അതിനു പുറമെ ഈ സീസണിൽ പുതിയ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയറുടെ കീഴിൽ മികച്ച പ്രകടനം നടത്താൻ മെസിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ പിഎസ്ജിക്കൊപ്പം പ്രധാന കിരീടനേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞാൽ ബാഴ്സയിലേക്ക് തിരിച്ചു വരുന്ന കാര്യത്തിൽ ലയണൽ മെസി അനുകൂല നിലപാട് സ്വീകരിക്കാതിരിക്കാൻ സാധ്യതയുണ്ട്.
One more detail on Leo Messi's future. Messi and his camp have not received any official proposal yet, as talks won't take place now. ⚠️🇦🇷 #Messi
— Fabrizio Romano (@FabrizioRomano) October 5, 2022
On Messi side, they know that PSG want to extend his contract and Barcelona want to bring him back – but nothing will be decided now. pic.twitter.com/g1SbCxLNTH
മറ്റൊന്ന് മെസിയെ തിരിച്ചെത്തിക്കാനുള്ള സാമ്പത്തികശേഷി ബാഴ്സലോണ ഉണ്ടാക്കുകയെന്നതാണ്. സാമ്പത്തികപ്രതിസന്ധികളിൽ നിന്നും മോചിതനായെങ്കിലും മെസിയുടെ പ്രതിഫലമടക്കമുള്ള കാര്യങ്ങൾ ബാഴ്സലോണക്ക് കൃത്യമായി തന്നെ കൈകാര്യം ചെയ്യേണ്ടി വരും. സീനിയർ താരങ്ങളായ ജെറാർഡ് പിക്വ, സെർജിയോ ബുസ്ക്വറ്റ്സ്, ജോർദി ആൽബ എന്നിവരെ ഇതിനു വേണ്ടി ടീമിൽ നിന്നും ഒഴിവാക്കാൻ ക്ലബിനു പദ്ധതിയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മറ്റൊരു പ്രധാനപ്പെട്ട കാര്യം തന്റെ കേളീശൈലിയിൽ മെസിക്കു കൂടി കൃത്യമായൊരു ഇടം നൽകാൻ പരിശീലകൻ സാവിക്ക് കഴിയുകയെന്നതാണ്. നിലവിൽ ലെവൻഡോസ്കി, റാഫിന്യ, ഒസ്മാനെ ഡെംബലെ എന്നീ താരങ്ങൾ കളിക്കുന്ന മുന്നേറ്റനിരയിൽ മെസിയെപ്പോലൊരു ലോകോത്തര താരം വരുമ്പോൾ ആരെ ഒഴിവാക്കുമെന്നും ആരെ നിലനിർത്തുമെന്നതടക്കമുള്ള കാര്യങ്ങളിൽ സാവി തീരുമാനം എടുക്കേണ്ടതുണ്ട്. ഇതെല്ലാം കൃത്യമായി നടപ്പിലായാൽ മാത്രമേ ആരാധകർ ആഗ്രഹിക്കുന്നതു പോലെ മെസിയുടെ ബാഴ്സലോണയിലേക്കുള്ള മടങ്ങി വരവ് സംഭവിക്കുകയുള്ളൂ.