ഈ സീസണിൽ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ബാഴ്സലോണയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. റയൽ മാഡ്രിഡിനെക്കാൾ പതിനൊന്നു പോയിന്റ് മുന്നിൽ നിൽക്കുന്ന ബാഴ്സലോണയെ അവരുടെ പ്രതിരോധം അതിനു സഹായിച്ചിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇരുപത്തിയൊന്ന് ലീഗ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സ്പാനിഷ് ലീഗിൽ വെറും ഏഴു ഗോളുകൾ മാത്രമാണ് ബാഴ്സലോണ വഴങ്ങിയിരിക്കുന്നത്.
സീസണിന്റെ തുടക്കത്തിൽ മാർക് ആന്ദ്രേ ടെർ സ്റ്റീഗന്റെ കൈകൾ ബാഴ്സലോണ ടീമിനെ കൂടുതൽ രക്ഷിച്ചപ്പോൾ അതിനു ശേഷം കൂണ്ടെ, അറഹോ, ക്രിസ്റ്റിൻസെൻ, ബാൾഡെ എന്നിവരടങ്ങുന്ന പ്രതിരോധം ബാഴ്സലോണ ഗോൾമുഖത്ത് മതിൽ കെട്ടി. എന്തായാലും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കുതിപ്പിലാണ് ബാഴ്സലോണ ഇപ്പോഴുള്ളത്. യൂറോപ്പിലെ പ്രധാന ലീഗുകളിലെ മറ്റൊരു ടീമും ഇത്രയും കുറവ് ഗോൾ വഴങ്ങിയിട്ടില്ല. 43 ഗോളുകൾ നേടി ലീഗിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ടീമും ബാഴ്സലോണ തന്നെയാണ്.
ഇതുവരെയുള്ള ഇരുപത്തിയൊന്ന് ലീഗ് മത്സരങ്ങളിൽ ഏഴു ഗോളുകൾ മാത്രം വഴങ്ങിയതോടെ ഓരോ മത്സരത്തിലും കുറവ് ഗോളുകൾ വഴങ്ങുന്ന കാര്യത്തിൽ റെക്കോർഡ് നേട്ടത്തിലേക്കാണ് ബാഴ്സ നീങ്ങുന്നത്. ഇക്കാര്യത്തിൽ നിലവിലെ ബാഴ്സലോണ ടീമും 1993-94 സീസണിലെ ഡീപോർറ്റീവോ ലാ കൊരൂണ ടീമും ഒരു മത്സരത്തിൽ 0.33 ഗോളുകൾ എന്ന നിലയിലാണ് നിൽക്കുന്നത്. ഡീപോർറ്റീവോ ഇരുപത്തിരണ്ടാം മത്സരത്തിൽ രണ്ടു ഗോളുകൾ വഴങ്ങിയതിനാൽ കാഡിസിനെതിരെ ബാഴ്സലോണ ഒരു ഗോൾ വരെ വഴങ്ങിയാലും റെക്കോർഡ് കാറ്റലൻ ക്ലബ് സ്വന്തമാക്കും.
Full story ⬇️ https://t.co/hBh0y5axy0
— barcacentre (@barcacentre) February 14, 2023
നിലവിൽ ലാ ലീഗയിൽ ഒരു സീസണിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ടീമെന്ന റെക്കോർഡ് 1993-94 സീസണിലെ ഡീപോർറ്റീവോ ടീമിന്റെയും 2015-16 സീസണിലെ അത്ലറ്റികോ മാഡ്രിഡിന്റെയും പേരിലാണ്. 0.47 ഗോൾ പെർ ഗെയിം എന്ന കണക്കിൽ 18 ഗോളുകളാണ് രണ്ടു ടീമുകളും വഴങ്ങിയത്. ബാഴ്സലോണ നിലവിലെ അതെ രീതിയിൽ തന്നെ മുന്നോട്ടു പോവുകയാണെങ്കിൽ സീസൺ അവസാനിക്കുമ്പോൾ പന്ത്രണ്ടു ഗോളുകളാണ് വഴങ്ങുക. അങ്ങിനെ സംഭവിച്ചാൽ റെക്കോർഡ് നേട്ടം ബാഴ്സയുടെ പേരിലാവും.
Barcelona are keeping pace with the best ever defence in La Liga history.
— Football España (@footballespana_) February 14, 2023
Through 21 games, both Barcelona and Deportivo La Coruna from 93/94 had conceded 0.33 goals per game. Depor would go on to set the record for the best defence in La Liga history. pic.twitter.com/8tDrRqA4x8
ഇരുപത്തിയൊന്ന് മത്സരങ്ങളിൽ നിന്നും പതിനാറു ക്ലീൻഷീറ്റുകൾ സ്വന്തമാക്കിയ മാർക് ആന്ദ്രേ ടെർ സ്റ്റീഗനും ഒരു റെക്കോർഡ് സ്വന്തമാക്കാൻ അവസരമുണ്ട്. ലാ ലീഗയിൽ ഏറ്റവുമധികം ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയ താരമെന്ന റെക്കോർഡ് ഡീപോർറ്റീവോ താരം ഫ്രാൻസിസ്കോ ലിയാനോയുടെ പേരിലാണ്. ഇനി ബാക്കിയുള്ള പതിനേഴു മത്സരങ്ങളിൽ നിന്നും പതിനൊന്നു ക്ലീൻഷീറ്റുകൾ നേടാൻ കഴിഞ്ഞാൽ ആ റെക്കോർഡ് ജർമൻ താരത്തിന്റെ പേരിലേക്ക് വരും.