മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്‌സ, മെസിയുടെ പിൻഗാമിയടക്കം രണ്ടു താരങ്ങളെ വിൽക്കും

ലയണൽ മെസിയുടെ പിഎസ്‌ജിയിലെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിൽ തന്നെ തുടരുകയാണ്. ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസി ഉടനെ തന്നെ പിഎസ്‌ജി കരാർ പുതുക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അത് സംഭവിച്ചിട്ടില്ല. അതിനിടയിൽ മെസിക്ക് കരാർ പുതുക്കുന്ന കാര്യത്തിൽ ചില സംശയങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതോടെ മെസിയുടെ കരാർ പുതുക്കാനുള്ള തീരുമാനത്തിൽ നിന്നും ക്ലബും പിന്മാറിയെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.

പിഎസ്‌ജി വിട്ടു ഫ്രീ ഏജന്റാകുന്ന ലയണൽ മെസിയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഇപ്പോഴുണ്ട്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം ഇതിനായി രണ്ടു താരങ്ങളെ വിൽക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നുണ്ട്. മുന്നേറ്റനിരയിൽ കളിക്കുന്ന ബ്രസീലിയൻ താരമായ റഫിന്യ, മെസിയുടെ പിൻഗാമിയായി അറിയപ്പെട്ടിരുന്ന യുവതാരമായ അൻസു ഫാറ്റി എന്നിവരെയാണ് ബാഴ്‌സലോണ വരുന്ന സമ്മറിൽ വിൽക്കാൻ ശ്രമിക്കുന്നത് എന്നാണു റിപ്പോർട്ടുകൾ.

സീസണിന്റെ തുടക്കത്തിൽ ബാഴ്‌സലോണയിലെത്തിയ റാഫിന്യ ഇപ്പോൾ ടീമിലെ ഏറ്റവും മികച്ച താരമാണ്. എന്നാൽ പരിശീലകൻ സാവിയുമായി താരം അത്ര മികച്ച ബന്ധത്തിലല്ല എന്നാണു സൂചനകൾ. തന്റെ അതൃപ്‌തി പലപ്പോഴും താരം പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം പരിക്ക് പറ്റി ഒരു വർഷത്തിലധികം പുറത്തിരുന്നതിനു ശേഷം പിന്നീട് ഫാറ്റി മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. അതുകൊണ്ടാണ് ബാഴ്‌സലോണ താരത്തെ വിൽക്കാൻ ശ്രമിക്കുന്നത്.

റാഫിന്യയെ വിറ്റാൽ മികച്ച ഫീസ് ലഭിക്കുമെന്നതു കൊണ്ടാണ് താരത്തെ ബാഴ്‌സ ഒഴിവാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ സമ്മറിൽ തന്നെ ചെൽസിയുടെ വെല്ലുവിളി മറികടന്നാണ് താരത്തെ ബാഴ്‌സ സ്വന്തമാക്കിയത്. എന്നാൽ ഈ താരങ്ങളെ ഒഴിവാക്കിയാലും മെസിയെ സ്വന്തമാക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. അത് സംഭവിക്കണമെങ്കിൽ ലയണൽ മെസി തന്റെ പ്രതിഫലം വളരെയധികം കുറക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല.

Ansu FatiFC BarcelonaLionel MessiRaphinha
Comments (0)
Add Comment