ലയണൽ മെസി ബാഴ്സയിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങൾ വളരെയധികം വർധിച്ചു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. പിഎസ്ജി കരാർ അവസാനിക്കുന്ന താരം ക്ലബ്ബിലേക്ക് തിരിച്ചു വരാൻ വേണ്ടി ഊർജ്ജിതമായി ശ്രമങ്ങൾ നടത്തുന്നുണ്ട്. ബാഴ്സലോണയും അതിനു വേണ്ടി ശ്രമം നടത്തുന്നുണ്ടെങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ കാരണം ലാ ലിഗ അതിനു അനുവാദം കൊടുക്കാതെ നിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ലയണൽ മെസിയെപ്പോലൊരു താരത്തെ ടീമിലേക്ക് കൊണ്ടുവരാൻ നിലവിലെ വേതനബിൽ ബാഴ്സലോണ വെട്ടിക്കുറക്കണമെന്നാണ് ലാ ലീഗയുടെ ആവശ്യം. മെസിയെ തിരിച്ചെത്തിക്കാനുള്ള പദ്ധതികൾ ബാഴ്സലോണ ലാ ലിഗക്ക് മുന്നിൽ സമർപ്പിച്ചെങ്കിലും ഇതുവരെയും അതിനോട് അനുകൂലമായ തീരുമാനം അവർ എടുത്തിട്ടില്ല. അതുകൊണ്ടു തന്നെ ക്ലബിലെ അഞ്ചു താരങ്ങളെ ഒഴിവാക്കി മെസിയെ സ്വന്തമാക്കാനുള്ള സാധ്യത തുറക്കാനാണ് ബാഴ്സലോണ ഒരുങ്ങുന്നത്.
Barcelona will try and sell FIVE first-team stars to generate funds for Lionel Messi#barca #messi #psg #fcb pic.twitter.com/hjygzoUJ2b
— Football Firm (@footballfirmhq) May 7, 2023
മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം മുന്നേറ്റനിര താരങ്ങളായ റഫിന്യ, ഫെറൻ ടോറസ്, പ്രതിരോധനിര താരങ്ങളായ എറിക് ഗാർസിയ, മാർക്കോസ് അലോൺസോ, മധ്യനിര താരം ഫ്രാങ്ക് കെസി എന്നിവരെയാണ് ബാഴ്സലോണ ഒഴിവാക്കാൻ ശ്രമിക്കുന്നത്. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ബാഴ്സലോണ താരങ്ങളിൽ ഒരാളായ റഫിന്യയെ മികച്ച തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബ് വിൽക്കുന്നത്.
അതേസമയം മറ്റുള്ള താരങ്ങളെല്ലാം തന്നെ ശരാശരി പ്രകടനമാണ് ക്ലബിനായി കാഴ്ച വെച്ചിട്ടുള്ളൂ. ഇവരെല്ലാം കഴിഞ്ഞ സീസണിനിടയിലോ അല്ലെങ്കിൽ ഈ സീസണിന്റെ തുടക്കത്തിലോ ക്ലബിൽ എത്തിയവരാണ്. ഇത്രയും താരങ്ങളെ ഒഴിവാക്കുന്നതിലൂടെ ക്ലബിന്റെ വേതനബിൽ കുറക്കാനും അതിലൂടെ മെസിയടക്കം ഏതാനും താരങ്ങളെ ടീമിലെത്തിക്കാനുമാണ് ബാഴ്സലോണ ശ്രമിക്കുന്നത്. ഇവരിൽ പലർക്കും മികച്ച ഓഫറുകളും ലഭിച്ചിട്ടുണ്ട്.
പിഎസ്ജി മെസിക്കെതിരെ നടപടി എടുത്തതോടെ താരം ഇനി ക്ലബിനൊപ്പം ഉണ്ടാകില്ലെന്ന കാര്യത്തിൽ തീർച്ചയായിട്ടുണ്ട്. യൂറോപ്പിൽ തന്നെ തുടരാൻ ആഗ്രഹമുള്ള മെസി ബാഴ്സലോണയെയാണ് പരിഗണിക്കുന്നത്. എന്നാൽ ക്ലബിന് തന്നെ സ്വന്തമാക്കാൻ കഴിയുമെന്ന ഉറപ്പ് ലഭിച്ചില്ലെങ്കിൽ താരം മറ്റു ക്ളബുകളെ പരിഗണിക്കും.
Barcelona To Offload Five Players For Messi Return