ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ നിന്നും വളരെയധികം വിമർശനങ്ങൾ ഏറ്റു വാങ്ങുമ്പോൾ ടീമിൽ താരമാവുകയാണ് അർജന്റീന താരമായ പതിനെട്ടുകാരൻ അലസാന്ദ്രോ ഗർനാച്ചോ. കഴിഞ്ഞ ദിവസം ഫുൾഹാമിനെതിരെ നടന്ന മത്സരത്തിൽ പകരക്കാരനായിറങ്ങി തൊണ്ണൂറാം മിനുട്ടിൽ ഫുൾഹാമിനെതിരെ വിജയഗോൾ നേടിയതോടെ താരത്തിന് വലിയ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എറിക് ടെൻ ഹാഗിനു കീഴിൽ ഓരോ മത്സരങ്ങൾ കഴിയുന്തോറും മെച്ചപ്പെട്ടു വരുന്ന താരം കൂടിയാണ് ഗർനാച്ചോ.
ഗർനാച്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച പ്രകടനം നടത്തുമ്പോൾ അതിനൊപ്പം തന്നെ ഭീഷണികളും ഉയരുന്നുണ്ട്.താരത്തെ സ്വന്തമാക്കാൻ സ്പാനിഷ് ക്ലബായ ബാഴ്സലോണ ശ്രമം നടത്തുന്നുണ്ടെന്നാണ് സ്പാനിഷ് മാധ്യമം ഫിഷാജെസ് റിപ്പോർട്ടു ചെയ്യുന്നത്. ഈ സീസണോടെ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ഗർനാച്ചോയുടെ കരാർ അവസാനിക്കാൻ പോവുകയാണ്. ഇതു മുതലെടുത്ത് താരത്തെ ഫ്രീ ഏജന്റായി ടീമിന്റെ ഭാഗമാക്കാമെന്നാണ് ബാഴ്സലോണ കരുതുന്നത്. പരിശീലകൻ സാവിക്കും അർജന്റീന താരത്തിൽ താൽപര്യമുണ്ട്.
Barcelona 'tracking' Manchester United star Alejandro Garnacho #mufc https://t.co/iS7DzBbc08 pic.twitter.com/my7ttyrpJz
— Man United News (@ManUtdMEN) November 12, 2022
സ്പെയിനിലെ മാഡ്രിഡിൽ ജനിച്ച ഗർനാച്ചോ ഗെറ്റാഫെ, അത്ലറ്റികോ മാഡ്രിഡ് എന്നിവയുടെ അക്കാദമിയിൽ കളിച്ചതിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ റാങ്നിക്കിനു കീഴിൽ അരങ്ങേറ്റം കുറിച്ച താരത്തിന് ഈ സീസണിന്റെ തുടക്കത്തിൽ അവസരങ്ങൾ ലഭിക്കാതിരുന്നത് പെരുമാറ്റത്തിലെ പ്രശ്നങ്ങൾ മൂലമാണ്. എന്നാൽ അതെല്ലാം തിരുത്തി മുന്നോട്ടു വന്ന താരം ഭാവി വാഗ്ദാനമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതു തന്നെയാണ് ബാഴ്സയെ ആകർഷിക്കുന്നതും.