സാമ്പത്തിക പ്രതിസന്ധികളും സ്ക്വാഡിൽ വലിയ മാറ്റങ്ങളിലൂടെയും കടന്നു പോവുകയാണെങ്കിലും മികച്ച പ്രകടനമാണ് ബാഴ്സലോണ നടത്തുന്നത്. കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ ടീം ഈ സീസണിൽ ലീഗും സ്പാനിഷ് സൂപ്പർകപ്പും നേടിയാണ് സീസൺ അവസാനിച്ചത്. സാവി പരിശീലകനായതിനു ശേഷം ശരിയായ ദിശയിലാണു ടീം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതെന്നത് ബാഴ്സലോണ ഈ സീസണിൽ നടത്തുന്ന പ്രകടനം വ്യക്തമാക്കുന്നു.
അതേസമയം ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ രണ്ടു സീസണുകളിലും മോശം പ്രകടനമാണ് ബാഴ്സലോണ നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ രണ്ടു തവണയും പുറത്തായ അവർ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനു വേണ്ടി പുതിയ താരങ്ങളെ ടീമിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കാറ്റലൻ ക്ലബ്. റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയടക്കം മൂന്നു താരങ്ങളെയാണ് ഫ്രീ ഏജന്റായി അവർ സമ്മറിൽ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്.
🔔 | Barcelona 'line up trio of free transfers' after La Liga triumph https://t.co/6aTH72pFim
— SPORTbible News (@SportBibleNews) May 28, 2023
ഡൈലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റി കരാർ അവസാനിക്കുന്ന ഇൽകെയ് ഗുൻഡോഗൻ, അത്ലറ്റിക് ബിൽബാവോ വിടാനൊരുങ്ങുന്ന ഇനിഗോ മാർട്ടിനസ് എന്നിവരെയാണ് ബാഴ്സലോണ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. ഇതിൽ ഇനിഗോ മാർട്ടിനസ് രണ്ടു വർഷത്തേക്ക് ക്ലബ്ബിലേക്ക് വരാൻ സമ്മതം മൂളിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഗുൻഡോഗന്റെ കരാർ പുതുക്കാൻ മാഞ്ചസ്റ്റർ സിറ്റിയും സ്വന്തമാക്കാൻ ആഴ്സണലും ശ്രമിക്കുന്നുണ്ട്.
ഈ മൂന്നു താരങ്ങളെയും സ്വന്തമാക്കാൻ കഴിയുമെന്നാണ് ബാഴ്സലോണ പ്രതീക്ഷിക്കുന്നത്. കൂടുതൽ സങ്കീർണത നിലനിൽക്കുന്നത് ലയണൽ മെസിയെ സ്വന്തമാക്കുന്ന കാര്യത്തിലാണ്. താരത്തിന്റെ പ്രതിഫലം കൂടുതലാണ് എന്നതിനാൽ ലാ ലിഗ നിർദ്ദേശിച്ച നിരവധിയായ കാര്യങ്ങൾ നടപ്പിലാക്കണം. അതിനുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് കാറ്റലൻ ക്ലബ്. ഉദ്ദേശിച്ച ലക്ഷ്യം പൂർത്തിയാക്കാൻ കഴിയുമെന്ന് തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്.
Barcelona To Sign Three Free Agents In Summer Include Lionel Messi