ബാഴ്‌സലോണക്ക് നൂറു പ്രശ്‌നങ്ങളുണ്ടെങ്കിലും റയൽ മാഡ്രിഡ് ഒരു പ്രശ്‌നമല്ല, ബെർണാബുവിൽ റയലിനെ കീഴടക്കി

കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ ആദ്യപാദത്തിനായി ബാഴ്‌സലോണ റയൽ മാഡ്രിഡിനെതിരെ ഇറങ്ങുമ്പോൾ ആരാധകർക്ക് ആശങ്കകൾ ഉണ്ടായിരുന്നു. ടീമിലെ പ്രധാന താരങ്ങളായ പെഡ്രി, ലെവൻഡോസ്‌കി, ഒസ്മാനെ ഡെംബലെ, ക്രിസ്റ്റൻസെൻ തുടങ്ങിയവർ ഇല്ലാതെയാണ് ബാഴ്‌സലോണ ഇറങ്ങിയത്. എന്നാൽ തങ്ങൾക്ക് നൂറു പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും റയൽ മാഡ്രിഡ് അതിലൊരു പ്രശ്‌നമില്ലെന്ന് തെളിയിച്ചാണ് മത്സരത്തിൽ ബാഴ്‌സലോണ വിജയം നേടിയത്.

ടീമിന്റെ പോരായ്‌മകൾ അറിയാവുന്നതു കൊണ്ടു തന്നെ ആക്രമണ ഫുട്ബോൾ കളിക്കാതെ പ്രതിരോധത്തിലൂന്നിയാണ് ബാഴ്‌സലോണ കളിച്ചത്. ഡിഫെൻസിനു ഒരുപാട് കുഴപ്പങ്ങളുണ്ടാക്കുന്ന വിനീഷ്യസ് ജൂനിയറെ നേരിടാൻ സെൻട്രൽ ഡിഫെൻഡറായ റൊണാൾഡോ അറോഹോയെ റൈറ്റ് ബാക്കായി സാവി കളിപ്പിച്ചപ്പോൾ താരം തന്റെ ജോലി കൃത്യമായി നടപ്പിലാക്കി. മത്സരത്തിലുടനീളം ബ്രസീലിയൻ താരത്തെ അറോഹോ സമർത്ഥമായി പൂട്ടി.

വിജയഗോൾ മത്സരത്തിന്റെ ഇരുപത്തിയാറാം മിനുട്ടിലാണ് വരുന്നത്. ബാഴ്‌സയുടെ പ്രത്യാക്രമണത്തിൽ പന്ത് ലഭിച്ച ഫ്രാങ്ക് കെസി ഷോട്ടുതിർത്തത് ഗോൾകീപ്പർ തടുത്തെങ്കിലും എഡർ മിലിറ്റാവോയുടെ ദേഹത്ത് തട്ടി വലക്കകത്തേക്ക് കയറി. റഫറി ആദ്യം അത് ഓഫ്‌സൈഡ് വിളിച്ചെങ്കിലും പിന്നീട് വീഡിയോ റഫറി ഗോൾ അനുവദിച്ചു. രണ്ടാം പകുതിയിൽ കെസി ഒരു ഗോൾ നേടേണ്ടതായിരുന്നെങ്കിലും വലയിലേക്ക് പോയ പന്ത് അബദ്ധത്തിൽ ഫാറ്റിയുടെ കാലിൽ തട്ടി മടങ്ങിയത് തിരിച്ചടിയായി.

മത്സരത്തിൽ റയലിന്റെ മികച്ച ആക്രമണനിരയെ മനോഹരമായി പിടിച്ചു കെട്ടിയെന്നതിൽ ബാഴ്‌സലോണയ്ക്ക് അഭിമാനിക്കാം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഒരു ഷോട്ട് പോലും ഗോളിലേക്കുതിർക്കാൻ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞിരുന്നില്ല. ആദ്യപാദത്തിൽ നേടിയത് നേരിയ വിജയമായിരുന്നെങ്കിലും അടുത്ത മത്സരം സ്വന്തം മൈതാനത്തു വെച്ചാണെന്നത് ബാഴ്‌സലോണയ്ക്ക് ആശ്വാസമാണ്. പുറത്തു പോയ താരങ്ങൾ അപ്പോഴേക്കും ടീമിൽ ഉണ്ടാവുകയും ചെയ്യും.

Copa del ReyFC BarcelonaReal Madrid
Comments (0)
Add Comment