മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ തോൽവിക്ക് ശേഷം ബയേൺ മ്യൂണിക്കിന് കൂടുതൽ തിരിച്ചടി നൽകിയാണ് ടീമിലെ താരങ്ങൾ തമ്മിൽ കൊമ്പു കോർത്തത്. മത്സരത്തിനിടെയുണ്ടായ തർക്കത്തെക്കുറിച്ച് ഡ്രസിങ് റൂമിൽ സംസാരിക്കുന്നതിനിടെ സെനഗൽ താരമായ സാഡിയോ മാനെ ജർമൻ മുന്നേറ്റനിര താരം ലെറോയ് സാനെയുടെ മുഖത്തിടിച്ചതാണ് ബയേൺ മ്യൂണിക്കിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്.
മാനേയുടെ ഇടിയേറ്റ ലെറോയ് സാനെയുടെ മുഖത്ത് പരിക്ക് പറ്റിയിരുന്നു. ബയേൺ മ്യൂണിക്കിലെ സഹതാരങ്ങൾ എത്തിയാണ് രണ്ടു പേരെയും പിടിച്ചു മാറ്റിയത്. അതിനു ശേഷം സാനെ സ്റ്റേഡിയത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ തനിക്ക് പറ്റിയ പരിക്ക് മാധ്യമങ്ങൾ കാണാതിരിക്കാൻ മുഖം മറച്ചു പിടിച്ചു കൊണ്ടാണ് ഇറങ്ങിയത്. അതേസമയം ഇത്രയും ഗുരുതരമായ ഒരു സംഭവം നടന്ന റിപ്പോർട്ടുകൾ വന്നിട്ടും അതേക്കുറിച്ച് ബയേൺ മ്യൂണിക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Bayern Munich Reportedly Set to Terminate Sadio Mane's Contract https://t.co/14ivFliBw0 pic.twitter.com/j2TY3G5svr
— Ovie (@OvieO) April 13, 2023
എന്നാൽ ഈ സംഭവത്തിൽ കടുത്ത നടപടികൾക്കാണ് ബയേൺ മ്യൂണിക്ക് ഒരുങ്ങുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്കൈ സ്പോർട്ട്സ് ജർമനിയുടെ റിപ്പോർട്ടുകൾ പ്രകാരം സഹതാരത്തെ കയ്യേറ്റം ചെയ്ത സാഡിയോ മാനെ മര്യാദയുടെ സീമകൾ ലംഘിച്ചുവെന്നാണ് ബയേൺ അധികൃതർ കരുതുന്നത്. അതുകൊണ്ടു തന്നെ സെനഗൽ താരത്തിനെതിരെ താൽക്കാലിക സസ്പെൻഷൻ മുതൽ സ്ഥിരമായ പുറത്താക്കൽ വരെയുള്ള നടപടികൾ ഉണ്ടായേക്കും.
മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ബയേൺ മ്യൂണിക്കിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയത് സാനെ ആയിരുന്നു. അതിനു പിന്നാലെയാണ് താരത്തെ മാനെ കയ്യേറ്റം ചെയ്തത്. ഇതുപോലൊരു സംഭവം പ്രൊഫെഷണൽ ഫുട്ബോളിൽ വളരെ അപൂർവമാണ് എന്നതിനാൽ തന്നെ ഇത് മറ്റു താരങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകാൻ ബയേൺ ഉപയോഗിച്ചേക്കും. അങ്ങിനെയെങ്കിൽ കടുത്ത നടപടി തന്നെ മാനിക്കെതിരെ ഉണ്ടാകാനാണ് സാധ്യത.
Content Highlights: Bayern May Terminate Sadio Mane Contract