ഖത്തർ ലോകകപ്പ് നേടിയതിനു ശേഷം പിഎസ്ജിയിലേക്ക് തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ ഗോളുമായി ലയണൽ മെസി. കഴിഞ്ഞ ദിവസം രാത്രി ഫ്രഞ്ച് ലീഗിൽ ആങ്കേഴ്സിനെതിരെ പിഎസ്ജി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയ മത്സരത്തിലാണ് മെസിയുടെ ഗോൾ പിറന്നത്. മത്സരത്തിലെ രണ്ടാമത്തെ ഗോളായിരുന്നു മെസിയുടേത്. മുന്നേറ്റനിര താരം ഹ്യൂഗോ എകിറ്റിക്കെ പിഎസ്ജിക്കു വേണ്ടി ആദ്യത്തെ ഗോൾ നേടി.
അമേരിക്കയിൽ നിന്നും തിരിച്ചെത്തിയിട്ടില്ലാത്ത എംബാപ്പെ ഇല്ലാതെയാണ് പിഎസ്ജി ആങ്കേഴ്സിനെതിരെ ഇറങ്ങിയത്. എംബാപ്പെയുടെ അഭാവത്തിൽ ആദ്യ ഇലവനിൽ ഇടം നേടിയ എകിറ്റികെ അഞ്ചാം മിനുട്ടിൽ തന്നെ പിഎസ്ജിയെ മുന്നിലെത്തിച്ചു. നോർഡി മുകിയേലയുടെ പാസിൽ നിന്നുമാണ് ഇരുപതുകാരനായ ഫ്രഞ്ച് താരം ഗോൾ നേടിയത്. ആദ്യപകുതിയിൽ ലയണൽ മെസിക്കും സെർജിയോ റാമോസിനും ക്ലോസ് റേഞ്ചിൽ നിന്നും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ആങ്കേഴ്സ് ഗോൾകീപ്പർ രക്ഷകനായി.
മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനുട്ടിലാണ് വിജയമുറപ്പിച്ച മെസി ഗോൾ വരുന്നത്. ഇടതു വിങ്ങിൽ നിന്നും തുടങ്ങി നെയ്മർ, സെർജിയോ റാമോസ് എന്നിവർക്ക് വൺ ടച്ച് പാസ് നൽകി മുന്നേറി മെസി വലതു വിങ്ങിലെത്തി. അവിടെ നിന്നും എകിറ്റികെ, നോർദി മുക്കിയെല എന്നിവർക്കും പാസ് നൽകി അതുപോലെ തന്നെ സ്വീകരിച്ച് ബോക്സിലെത്തിയ മെസി അനായാസം വലകുലുക്കി. ആങ്കേഴ്സ് പ്രതിരോധത്തിന് പിഎസ്ജിയുടെ ടിക്കി-ടാക്ക ഗോൾ കണ്ടു നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
Messi’s goal from this angle is spectacular pic.twitter.com/5HfXXmfZM5
— MC (@CrewsMat10) January 11, 2023
വൺ ടച്ച് പാസുകൾ കൊണ്ട് മൈതാനം മുഴുവൻ നിറഞ്ഞു കളിച്ച ഒരു ഗോളായിരുന്നു മെസി നേടിയത്. ഓരോ താരങ്ങൾക്ക് പാസ് നൽകി അത് വീണ്ടും ഏറ്റു വാങ്ങിയത് മെസി തന്നെയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. മെസിയുടെ കൃത്യതയുള്ള മൂവ്മെന്റുകളാണ് ഗോളിനെ കൂടുതൽ മികച്ചതാക്കിയത്. ലീഗിൽ മെസിയുടെ എട്ടാമത്തെ ഗോളായിരുന്നു ഇന്നലത്തേത്. പത്ത് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.
Watching Messi score a goal live is a memory i never want to let go off pic.twitter.com/5ObMkt0jL5
— h (@MarkBrokerberg) January 12, 2023
മത്സരത്തിൽ വിജയം നേടിയതോടെ പോയിന്റ് ടേബിളിൽ പിഎസ്ജി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. പതിനെട്ടു മത്സരങ്ങളിൽ നിന്നും 47 പോയിന്റാണ് പിഎസ്ജി നേടിയത്. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ സമനില വഴങ്ങിയത് രണ്ടാം സ്ഥാനത്തുള്ള ലെൻസിനു തിരിച്ചടിയായി. പതിനെട്ടു മത്സരങ്ങൾ കളിച്ച അവർ പിഎസ്ജിയെക്കാൾ ആറു പോയിന്റ് പിന്നിലാണ്.