എൻസോക്കെതിരെ നടപടിയുണ്ടാകും, താരത്തെ വഴിതെറ്റിക്കാൻ ചെൽസി ശ്രമിക്കുന്നുവെന്ന് ബെൻഫിക്ക പരിശീലകൻ

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി മികച്ച പ്രകടനം നടത്തി ഏവരുടെയും മനസു കവർന്ന താരമാണ് എൻസോ ഫെർണാണ്ടസ്. രണ്ടു മത്സരങ്ങളിൽ പകരക്കാരനായിറങ്ങി പിന്നീട് എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയ താരം അർജന്റീനയെ കിരീടനേട്ടത്തിലേക്ക് എത്തിച്ചതിനൊപ്പം ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ഖത്തർ ലോകകപ്പിനു ശേഷം താരത്തിനായി നിരവധി ക്ലബുകളാണ് ഓഫറുമായി രംഗത്തു വന്നിരുന്നത്. എന്നാൽ പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്കാണ് എൻസോ ചേക്കേറുകയെന്നും താരം അതിനു സമ്മതം മൂളിയെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ എൻസോയുടെ ചെൽസി ട്രാൻസ്‌ഫർ കൂടുതൽ സങ്കീർണമാവുകയാണ്. താരത്തെ സ്വന്തമാക്കാൻ റിലീസ് ക്ലോസ് നൽകണമെന്ന ആവശ്യത്തിൽ നിന്നു പുറകോട്ടു പോവുന്ന ചെൽസി മൂന്നു തവണയായി ട്രാൻസ്‌ഫർ ഫീസ് നൽകാമെന്നാണ് പറയുന്നത്. എന്നാൽ ഇതിനു ബെൻഫിക്ക തയ്യാറല്ല. റിലീസിംഗ് ക്ലോസ് മുഴുവൻ ഒറ്റതവണയായി നൽകണമെന്നാണ് അവരുടെ ആവശ്യം. ട്രാൻസ്‌ഫർ നീക്കങ്ങൾ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ബെൻഫിക്കക്കു മേൽ എൻസോ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയിട്ടുണ്ട്. ക്ലബിന്റെ സമ്മതമില്ലാതെ അർജന്റീനയിലേക്ക് പോയ താരത്തിനെതിരെ പരിശീലകൻ റോജർ ഷ്മിഡ്റ്റ് കഴിഞ്ഞ ദിവസം വിമർശനം നടത്തുകയും ചെയ്‌തു.

“അനുമതി നൽകിയിട്ടുള്ള എൻസോ അർജന്റീനയിലേക്ക് പോയത്. അതൊരിക്കലും സ്വീകാര്യമായ കാര്യമല്ല, അതിനു പ്രത്യാഘാതങ്ങളുണ്ടാകും. അതെന്താണെന്ന് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞങ്ങൾക്ക് താരത്തെ വിൽക്കാൻ താൽപര്യമില്ല, എനിക്കോ പ്രസിഡന്റിനോ താൽപര്യമില്ല. ഒരു റിലീസിംഗ് ക്ലോസുണ്ടെന്ന കാര്യം എല്ലാവർക്കുമറിയാം. ആരെങ്കിലും റിലീസ് ക്ലോസ് നൽകുകയും താരം അവരെ തിരഞ്ഞെടുക്കുകയും ചെയ്‌താൽ ഞങ്ങൾക്ക് എൻസോയെ നഷ്‌ടമാകും.”

“താരത്തിനായി ശ്രമം നടത്തുന്ന ഒരു ക്ലബുണ്ട്, അവർ എൻസോയെ ആകർഷിക്കാൻ ശ്രമിക്കുന്നു. പക്ഷെ അവർക്കറിയാം എൻസോയെ സ്വന്തമാക്കാൻ റിലീസിംഗ് ക്ലോസ് നൽകണമെന്ന്. ബെൻഫിക്കയോട് അപമര്യാദയാണ് അവർ കാണിക്കുന്നത്. അവർ താരത്തെ തെറ്റായ വഴിയിലൂടെ നടത്തുന്നു. അവർ റിലീസിംഗ് ക്ലോസ് നൽകണമെന്ന രീതിയിലാണ് ആദ്യം മുന്നോട്ടു വന്നത്, ഇപ്പോഴവർക്ക് കൂടുതൽ വിലപേശൽ അതിൽ നടത്തണമെന്നു പറയുന്നു. അതാണ് എൻസോയുമായി ബന്ധപ്പെട്ടു പറയാനുള്ളത്.” അദ്ദേഹം വ്യക്തമാക്കി.

എൻസോ മികച്ച താരവും നല്ല സ്വഭാവത്തിന് ഉടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരത്തെ നിലനിർത്തണമെന്ന ആഗ്രഹമുണ്ടെങ്കിലും ലോകകപ്പ് നേടിയതിനാൽ അത് വളരെ ബുദ്ധിമുട്ടാണെന്നും റോജർ ഷ്മിഡ്റ്റ് കൂട്ടിച്ചേർത്തു. അതേസമയം ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടാനാണ് എൻസോയുടെ ട്രാൻസ്‌ഫർ ഫീസ് മൂന്നു തവണയായി നൽകാമെന്ന് ചെൽസി പറയുന്നത്. എന്നാൽ അതിനു ബെൻഫിക്കക്ക് സമ്മതമല്ല.

ArgentinaBenficaChelseaEnzo Fernandez
Comments (0)
Add Comment