ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് ദയനീയമായ തോൽവി ഏറ്റു വാങ്ങിയതിനു പിന്നാലെ ബെംഗളൂരു എഫ്‌സിയുടെ പരിശീലകൻ പുറത്ത്. ബെംഗളൂരുവിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മുംബൈ സിറ്റി ബെംഗളൂരുവിനെ കീഴടക്കിയത്. ഇതോടെ പരിശീലകനായ സൈമൺ ഗ്രെസനെ പുറത്താക്കാൻ ബെംഗളൂരു എഫ്‌സി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ സീസണിന് മുന്നോടിയായി ബെംഗളൂരുവിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത ഗ്രേസൻ ടീമിനൊപ്പം മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. ഡ്യൂറൻഡ് കപ്പ് നേടിയ ടീം ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇതിനു പുറമെ ഇന്ത്യൻ സൂപ്പർ കപ്പിലും അവർ രണ്ടാം സ്ഥാനത്ത് വന്നു. ഇതോടെ ഈ സീസണിൽ കൂടുതൽ മികച്ച പ്രകടനത്തിലേക്ക് ടീമിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഏവരും പ്രതീക്ഷിച്ചു.
🚨 | OFFICIAL ✅ : Bengaluru FC announce the departure of head coach Simon Grayson 👋🔵 #IndianFootball pic.twitter.com/A7698NQPIX
— 90ndstoppage (@90ndstoppage) December 9, 2023
എന്നാൽ ബെംഗളൂരു ഈ സീസണിൽ മോശം പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ലീഗിൽ ഒൻപത് മത്സരങ്ങൾ കളിച്ച അവർക്ക് ഇതുവരെ സ്വന്തമാക്കാൻ കഴിഞ്ഞത് ഒരേയൊരു വിജയമാണ്. നാല് മത്സരങ്ങളിൽ സമനിലയും നാല് മത്സരങ്ങളിൽ തോൽവിയും വഴങ്ങിയ ടീം വെറും ഏഴു പോയിന്റ് സ്വന്തമാക്കി പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് നിൽക്കുന്നത്. ജംഷഡ്‌പൂർ, പഞ്ചാബ്, ഹൈദരാബാദ് എന്നിവർ മാത്രമാണ് ബെംഗളൂരുവിനു പിന്നിലുള്ളത്.
For bringing home silverware that had eluded us, for a fight to the finish that inspired us, for every magical night at our Fortress and for so much more. 🔵#ThankYouSimon #WeAreBFC pic.twitter.com/JFQUXJkBtq
— Bengaluru FC (@bengalurufc) December 9, 2023
കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന് അദ്ദേഹത്തോട് നന്ദി പറഞ്ഞ ബെംഗളൂരു ഭാവി മികച്ചതാകട്ടെ എന്ന ആശംസയും നൽകി. മുഖ്യപരിശീലകനെ പുറത്താക്കിയതോടെ സഹപരിശീലകൻ നീൽ മക്ഡൊണാൾഡും ക്ലബ് വിടും. ഇംഗ്ലീഷ് പരിശീലകനെ പുറത്താക്കിയ സാഹചര്യത്തിൽ മുൻ ഇന്ത്യൻ നായകനായ റെനഡി സിങാണ് ടീമിന്റെ താൽക്കാലിക ചുമതല ഏറ്റെടുത്തിരിക്കുന്നത്. അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെയാണ് ബെംഗളൂരു നേരിടാൻ പോകുന്നത്.
അതേസമയം ബെംഗളൂരുവിലെ നിലവിലെ മോശം പ്രകടനം ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഘോഷിക്കുകയാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ പുറത്താകാൻ കാരണമായത് ബെംഗളൂരു എഫ്‌സി താരം സുനിൽ ഛേത്രി ചതിയിലൂടെ നേടിയ ഗോളാണ്. അതിന്റെ പ്രതിഫലമാണ് ഇപ്പോൾ അവർക്ക് കിട്ടുന്നതെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ പറയുന്നത്. അതേസമയം ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്.
Bengaluru FC Sacked Coach Simon Grayson