ബെൻസിമയെ ഫ്രാൻസ് ടീമിൽ നിന്നും ദെഷാംപ്‌സ് മനഃപൂർവം തഴഞ്ഞു, താരം ഫൈനലിനെത്തില്ല

ഫ്രാൻസ് ടീമിൽ നിന്നും ബെൻസിമ ഒഴിവാക്കപ്പെട്ടതിനു പരിക്ക് മാത്രമല്ല കാരണമെന്നും താരവും ദെഷാംപ്‌സും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലെന്നും പുതിയ റിപ്പോർട്ടുകൾ. ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ എത്തിയതിനു പിന്നാലെ ഫൈനൽ കളിക്കാൻ ബെൻസിമ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ദെഷാംപ്‌സിനോട് ചോദിച്ചപ്പോൾ കൃത്യമായൊരു മറുപടി അദ്ദേഹം നൽകിയില്ല. നിലവിൽ ഫ്രാൻസ് ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാണ് ബെൻസിമയെങ്കിലും ഫൈനലിനായി താരം ടീമിനൊപ്പം ചേരില്ലെന്നാണ് ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പറയുന്നത്.

ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പരിക്ക് കാരണം ബെൻസിമയെ ടീമിൽ നിന്നും ഒഴിവാക്കുന്ന കാര്യം പരിശീലകൻ പ്രഖ്യാപിച്ചത്. എന്നാൽ താരത്തിന് പകരക്കാരനെ അദ്ദേഹം ടീമിൽ ഉൾപ്പെടുത്തിയില്ല. ഫ്രാൻസ് ടീമിൽ നിന്നും പുറത്തു പോയി മൂന്നു ദിവസം മാത്രമാണ് പരിക്കിനായി ബെൻസിമ ചികിത്സ നടത്തിയത്. അതിനു ശേഷം പരിക്കിൽ നിന്നും മുക്തനായ താരം ഒഴിവു ദിവസങ്ങൾ ആഘോഷിക്കാൻ പോയ താരം മടങ്ങിയെത്തി റയൽ മാഡ്രിഡിനൊപ്പം പരിശീലനം നടത്തുകയും ഒരു സൗഹൃദമത്സരത്തിൽ കളിക്കുകയും ചെയ്‌തു.

ഫ്രാൻസ് സ്‌ക്വാഡിന്റെ ഭാഗമായ ബെൻസിമയെ തിരിച്ചു വിളിക്കാൻ ദെഷാംപ്‌സിന് അപ്പോൾ അവസരം ഉണ്ടായിരുന്നെങ്കിലും അതിനദ്ദേഹം തയ്യാറായില്ല. ബെൻസിമയുടെ പരിക്ക് ഭേദമായതിനെ കുറിച്ച് ഒരിക്കൽ മാധ്യമപ്രവർത്തകൾ ചോദിച്ചപ്പോൾ താരത്തിന് നേരത്തെ ടീമിൽ നിന്നും പുറത്തു പോകേണ്ടി വന്നത് നിർഭാഗ്യമാണെന്നു മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. തന്നെ പരിശീലകന് ആവശ്യമില്ലെന്നു തന്നെയാണ് അതിൽ നിന്നും ബെൻസിമ മനസിലാക്കിയത്. സെമി ഫൈനലിന് ശേഷം ബെൻസിമ ഫൈനൽ കളിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്നും ദെഷാംപ്‌സ് ഒഴിഞ്ഞു മാറുകയും ചെയ്‌തു.

ബെൻസിമക്ക് പകരക്കാരനായി കളിക്കുന്ന ഒലിവർ ജിറൂദ് ഈ ലോകകപ്പിൽ തകർപ്പൻ ഫോമിലാണുള്ളത്. ബെൻസിമയും ജിറൂദും തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങൾ നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്. ബെൻസിമ തിരിച്ചു വന്നാൽ അത് ഫ്രാൻസ് ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ദെഷാംപ്‌സ് കരുതുന്നുണ്ടാകാം. ജിറൂദും എംബാപ്പയും തമ്മിൽ മികച്ച ബന്ധമാണുള്ളത് അതിനു പുറമെ ബെൻസിമ ഇല്ലാത്തപ്പോഴാണ് ഫ്രാൻസ് ടീം ദെഷാംപ്‌സിന് കീഴിൽ മികച്ച പ്രകടനം നടത്തുന്നതെന്ന കാര്യവും ഇതിനൊപ്പം ചേർത്തു വായിക്കേണ്ടതാണ്.

ദെഷാംപ്‌സ് പരിശീലകനായിരിക്കുമ്പോൾ ഈ ലോകകപ്പിനു പുറമെ 2018 ലോകകപ്പ്, 2016 ലോകകപ്പ് എന്നീ മൂന്നു ടൂർണമെന്റുകളിൽ ഫ്രാൻസ് ഫൈനലിൽ എത്തിയിരുന്നു. ആ സമയത്തെല്ലാം സെക്‌സ് ടേപ്പ് വിവാദത്തിൽ കുടുങ്ങി ബെൻസിമ ടീമിൽ നിന്നും പുറത്താണ്. എന്നാൽ ബെൻസിമ ടീമിനൊപ്പം ഉണ്ടായിരുന്ന 2014 ലോകകപ്പ്, യൂറോ 2020 എന്നിവയിൽ മുന്നേറാൻ ടീമിന് കഴിഞ്ഞില്ല. കഴിഞ്ഞ നേഷൻസ് ലീഗ് മാത്രമാണ് ബെൻസിമയും ദെഷാംപ്‌സും ഒരുമിച്ച് നേടിയത്. ഇതിനു പുറമെ ബാലൺ ഡി ഓർ നേടിയപ്പോൾ ബെൻസിമാ തന്നെക്കുറിച്ച് ഒന്നും പറയാതിരുന്നതിന്റെ പ്രശ്നവും ദെഷാംപ്‌സിനുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു,

Didier DeschampsFranceKarim BenzemaQatar World Cup
Comments (0)
Add Comment