ലോകകപ്പിൽ ഫ്രാൻസിന്റെ ആദ്യ മത്സരത്തിൽ ബെൻസിമ കളിച്ചേക്കില്ല

ഖത്തർ ലോകകപ്പിൽ പരിക്കിന്റെ തിരിച്ചടികളിൽ വലഞ്ഞ ടീമാണ് ഫ്രാൻസ്. കഴിഞ്ഞ ലോകകപ്പ് നേടിയ താരങ്ങളായ പോൾ പോഗ്ബ, എൻഗോളോ കാന്റെ എന്നിവരെ ആദ്യം തന്നെ നഷ്ടപ്പെട്ട ഫ്രാൻസിന് പിന്നീട് സ്‌ക്വാഡിൽ ഉണ്ടായിരുന്ന മുന്നേറ്റനിര താരം ക്രിസ്റ്റഫർ എൻകുങ്കുവിനേയും നഷ്‌ടമായി. മികച്ച താരങ്ങൾ പകരക്കാരായി ടീമിലുണ്ടെങ്കിലും സ്‌ക്വാഡിന്റെ ഒത്തിണക്കം ഇതിനാൽ ചിലപ്പോൾ നഷ്‌ടമായേക്കാം.

ഇപ്പോൾ മറ്റൊരു മോശം വാർത്ത കൂടി ഫ്രാൻസിനെ തേടിയെത്തുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഫ്രാൻസിന്റെ ആദ്യത്ത ലോകകപ്പ് മത്സരത്തിൽ ടീമിലെ സൂപ്പർ സ്‌ട്രൈക്കർ കരിം ബെൻസിമ കളിക്കാനുള്ള സാധ്യതയില്ല. ഈ സീസണിൽ പരിക്കിന്റെ തിരിച്ചടികളിൽ വലഞ്ഞ് റയൽ മാഡ്രിഡിനൊപ്പം പതിനൊന്നു മത്സരങ്ങൾ നഷ്‌ടമായ താരം ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം താരത്തിന് ഹാംസ്ട്രിങ്ങിലും കാൽപാദത്തിലും പരിക്കുണ്ട്. ഇതിന്റെ കാരണം പോലും ഇതുവരെ കണ്ടു പിടിക്കാൻ ഫ്രഞ്ച് മെഡിക്കൽ ടീമിന് കഴിഞ്ഞിട്ടില്ലെന്നും അതിനാൽ തന്നെ താരം ആദ്യത്ത മത്സരത്തിൽ പുറത്തിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോകകപ്പിന് മികച്ച രീതിയിൽ തുടക്കമിടാനുള്ള ഫ്രാൻസിന്റെ പദ്ധതികൾക്ക് ഇതു തിരിച്ചടിയാകും.

FranceKarim BenzemaQatar World Cup
Comments (0)
Add Comment