ഇന്ത്യൻ സൂപ്പർലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ വിമർശനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഇതുപോലെയുള്ള മത്സരങ്ങളിൽ എതിരാളികൾക്കുള്ള അതെ മനോഭാവത്തോടെ തന്നെ കളിക്കാൻ താരങ്ങൾ തയ്യാറാകണമെന്നും ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി മുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ടും കൃത്യമായി നടപ്പിലാക്കാൻ കഴിയാത്തതാണ് തോൽവിയുടെ കാരണമെന്നാണ് അദ്ദേഹം പറയുന്നത്.
“ഇതുപോലെയുള്ള ടീമുകളെ നേരിടുമ്പോൾ, നിങ്ങൾ ഡുവൽസുമായി പൊരുത്തപ്പെടണം, നിങ്ങളവരുടെ മനോഭാവവുമായും മാനസികാവസ്ഥയുമായും പൊരുത്തപ്പെടണം. ഞങ്ങൾ അവസരങ്ങൾ സൃഷ്ടിച്ചു. മത്സരം കൂടുതൽ കായികപരമായിരിക്കുമെന്ന് അറിയാമായിരുന്നെങ്കിലും ഞങ്ങൾക്കും അവസരങ്ങൾ ഉണ്ടായിരുന്നു. ഇതുപോലെയുള്ള ഗെയിമുകളിൽ അവസരങ്ങൾ കൃത്യമായി മുതലെടുക്കുകയാണ് വേണ്ടത്.” അദ്ദേഹം പറഞ്ഞു.
“ഞങ്ങളെക്കാളേറെ എതിർ ടീമിന് മത്സരം ജയിക്കണമായിരുന്നു എന്നതൊരു സത്യമാണ്. ഞങ്ങൾക്കിടയിലുണ്ടായിരുന്ന പ്രധാന വ്യത്യാസവും അതു തന്നെയാണ്. ടീമിന്റെ കഴിവിനും അവർ നടത്തുന്ന പോരാട്ടത്തിനുമെല്ലാം മുകളിലാണ് മത്സരം ജയിക്കണം എന്നുള്ള ഓരോ താരത്തിന്റെയും ആഗ്രഹം. എതിർ ടീമിനെക്കാളും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ലെങ്കിൽ ഒരു ടീമിനും വിജയിക്കാൻ കഴിയില്ല.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
Ivan Vukomanovic sheds light on Prabhsukhan Gill's absence! 😳
— Khel Now (@KhelNow) February 3, 2023
Read what he said after the #EBFCKBFC game ⤵️#IndianFootball #HeroISL #LetsFootball #EastBengalFC #KeralaBlasters #KBFC https://t.co/BqFO2r8DSZ
ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ നടന്ന മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയത്. ഇപ്പോഴും പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിലും അടുത്ത മത്സരത്തിൽ മോഹൻ ബഗാൻ വിജയിച്ചാൽ അവർ മുന്നിലെത്തുമെന്നുറപ്പാണ്. ഇനി നാല് മത്സരങ്ങൾ കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത്. ചെന്നൈയിൻ എഫ്‌സി, ബെംഗളൂരു, എടികെ മോഹൻ ബഗാൻ, ഹൈദരാബാദ് എഫ്‌സി എന്നിവരാണ് ഇനി ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.