ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്തു പോകുന്നത് വിവാദങ്ങൾ സൃഷ്ടിച്ചാണ്. ബെംഗളൂരു എഫ്സി പ്ലേ ഓഫ് മത്സരത്തിൽ നേടിയ ഗോൾ അനുവദിക്കരുതെന്നു പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. സൂപ്പർ ലീഗ് പ്രതീക്ഷകൾ അവസാനിച്ചതോടെ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ സൂപ്പർ കപ്പിലാണ്. അതിൽ കിരീടം നേടി എഎഫ്സി കപ്പ് യോഗ്യത നേടാമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്.
ഇതിനു മുൻപ് സൂപ്പർകപ്പിൽ കളിച്ചപ്പോൾ റിസർവ് ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറക്കിയിരുന്നത്. അതുകൊണ്ടു തന്നെ ഇത്തവണയും അത് ആവർത്തിക്കുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ തന്നെ വെച്ച് നടക്കുന്ന സൂപ്പർകപ്പിൽ ഏറ്റവും മികച്ച ടീമിനെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇറക്കുമെന്ന് കഴിഞ്ഞ ദിവസം ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ കരോലിസ് സ്കിങ്കിസ് വ്യക്തമാക്കി.
Read more here : https://t.co/xHQNCElj1a
— 90ndstoppage (@90ndstoppage) March 12, 2023
എഎഫ്സി കപ്പിലേക്കു യോഗ്യത നേടാനുള്ള അവസരമാണ് കേരള ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പ് നൽകുന്നതെന്നും അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പ്രകടനം ടീം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിദേശതാരങ്ങളും ഇപ്പോൾ അവധി ദിവസങ്ങളിൽ ആണെന്നും അതിനു ശേഷം മാർച്ച് ഇരുപത്തിയഞ്ചിന് അവർ ടീമിൽ റിപ്പോർട്ട് ചെയ്ത് അടുത്ത ദിവസം തന്നെ സൂപ്പർകപ്പിനുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ വെച്ച് നടക്കുന്ന സൂപ്പർകപ്പ് മത്സരങ്ങൾക്ക് കോഴിക്കോട്, പയ്യനാട് സ്റ്റേഡിയങ്ങളാണ് വേദിയാകുന്നത്. എന്നാൽ ഈ സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്തുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്റ്റർക്ക് ആശങ്കയുണ്ട്. കോഴിക്കോട് മൈതാനം അത്ര മികച്ചതല്ലെന്നും താരങ്ങൾക്കത് ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. മത്സരങ്ങൾ ഗോവയിൽ വെച്ച് നടത്തുകയായിരുന്നു ഉചിതമെന്നും സ്കിങ്കിസ് കൂട്ടിച്ചേർത്തു.