ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന രണ്ടു സൗഹൃദമത്സരങ്ങളിലും മികച്ച വിജയമാണ് ബ്രസീൽ നേടിയത്. ഘാനക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയ ബ്രസീൽ അതിനു ശേഷം ട്യുണീഷ്യക്കെതിരെ നടന്ന കളിയിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ രണ്ടു മാസത്തിൽ കുറഞ്ഞ സമയം മാത്രം ബാക്കിയുള്ള ഖത്തർ ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞ കാനറിപ്പട എതിരാളികൾക്ക് വ്യക്തമായ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
അതേസമയം രണ്ടാമത്തെ സൗഹൃദ മത്സരത്തിൽ എതിരാളികളായ ടുണീഷ്യൻ താരങ്ങളുടെ സമീപനത്തിൽ ബ്രസീൽ പരിശീലകൻ സംതൃപ്‌തനല്ലെന്ന് അതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു. മത്സരത്തിൽ നെയ്‌മറെ ടുണീഷ്യൻ താരങ്ങൾ കടുത്ത ഫൗളുകൾക്ക് വിധേയമാക്കിയതിനെയാണ് ടിറ്റെ വിമർശിച്ചത്. ഖത്തർ ലോകകപ്പിൽ നെയ്‌മർ കളിക്കാതിരിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നാണ് അദ്ദേഹം പറയുന്നത്. മത്സരത്തിൽ ഒരു ടുണീഷ്യൻ താരത്തിനു നെയ്‌മറെ ഫൗൾ ചെയ്‌തതിനു ചുവപ്പുകാർഡ് ലഭിക്കുകയും ചെയ്‌തു.
“മത്സരത്തിൽ നെയ്‌മർ ആത്മാർത്ഥതയോടെ മികച്ച പ്രകടനം നടത്തുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ നെയ്‌മർക്കെതിരെയുള്ള ആ നീക്കം ഉണ്ടാകുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതു കളിക്കാരെ ലോകകപ്പിൽ നിന്നും പുറത്താക്കുന്നതിനു വേണ്ടിയുള്ള നീക്കമാണ്.” ടിറ്റെ പറഞ്ഞു. മത്സരത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും മികച്ച പ്രകടനം നടത്തുകയെന്നതു മാത്രമായിരുന്നു ബ്രസീലിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Brazil boss Tite accuses Tunisia of trying to 'get Neymar out of the World Cup' after red card challenge https://t.co/7vewzyFcJH
— MailOnline Sport (@MailSport) September 28, 2022
ഖത്തർ ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കി കുതിക്കുന്ന ബ്രസീൽ അവസാന ഏഴു മത്സരങ്ങളിലും വിജയം നേടിയിട്ടുണ്ട്. ഇതിലെ ആറു മത്സരങ്ങളിലും മൂന്നിലധികം ഗോളുകൾ നേടാനും ബ്രസീലിനു കഴിഞ്ഞിട്ടുണ്ട്. ഖത്തർ ലോകകപ്പ് നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നും എല്ലാ പൊസിഷനിലും മികച്ച താരങ്ങളടങ്ങിയ ബ്രസീൽ തന്നെയാണ്.
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ജിയിലാണ് ബ്രസീൽ ഉൾപ്പെട്ടിരിക്കുന്നത്. നവംബർ ഇരുപത്തിയഞ്ചിന് സെർബിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യത്തെ മത്സരം. അതിനു ശേഷം നവംബർ ഇരുപത്തിയെട്ടിന് സ്വിറ്റ്സർലണ്ടിനെയും ഡിസംബർ മൂന്നിന് കാമറൂണിനെയും ബ്രസീൽ നേരിടും. അട്ടിമറികൾക്കു കഴിവുള്ള ടീമുകളാണ് ബ്രസീലിന്റെ ഗ്രൂപ്പിലുള്ളത്.