അർജന്റീനിയൻ പരിശീലകന്റെ തന്ത്രങ്ങളിൽ ബ്രസീലിനു തോൽവി, ഗുരുതരമായ പരിക്കേറ്റ് നെയ്‌മർ | Brazil

ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യത റൗണ്ടിൽ രണ്ടു പ്രധാനപ്പെട്ട ടീമുകൾ തമ്മിൽ നടന്ന മത്സരത്തിൽ ഒന്നു പൊരുതുക പോലും ചെയ്യാതെ തോൽവി വഴങ്ങി ബ്രസീൽ. അർജന്റൈൻ പരിശീലകനായ മാഴ്‌സലോ ബിയൽസ നയിക്കുന്ന യുറുഗ്വായ് ടീമിനെതിരെയാണ് ബ്രസീൽ തോൽവി വഴങ്ങിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ തോൽവി. മത്സരത്തിൽ ബ്രസീലിന്റെ സൂപ്പർതാരമായ നെയ്‌മർ പരിക്കേറ്റു പുറത്തു പോയത് അവർക്ക് കൂടുതൽ ആശങ്കയാണ്.

യുറുഗ്വായുടെ മൈതാനത്തു നടന്ന മത്സരത്തിൽ രണ്ടു ടീമുകളും അത്ര മികച്ച പ്രകടനമല്ല നടത്തിയത്. എന്നാൽ ബ്രസീലിനെപ്പോലെ ആക്രമണനിരയിൽ ലോകോത്തര താരങ്ങൾ അണിനിരന്ന ഒരു ടീം നടത്തിയ ദയനീയ പ്രകടനം ആരാധകരെ പോലും അമ്പരപ്പിച്ചുവെന്നതിൽ സംശയമില്ല. നെയ്‌മർ, വിനീഷ്യസ്, റോഡ്രിഗോ തുടങ്ങിയ താരങ്ങൾ അണിനിരന്ന ബ്രസീൽ ടീം ആകെ രണ്ടു ഷോട്ടുകൾ മാത്രമാണ് മത്സരത്തിൽ ഉതിർത്തത് എന്നറിയുമ്പോഴാണ് ടീമിന്റെ ദയനീയ പ്രകടനത്തിന്റെ അവസ്ഥ മനസിലാവുക.

മത്സരത്തിന്റെ നാല്‌പത്തിരണ്ടാം മിനുട്ടിലാണ് യുറുഗ്വായ് മത്സരത്തിൽ മുന്നിലെത്തുന്നത്. മാക്‌സിമിലിയാനോ അരഹോ നൽകിയ ക്രോസ് ഒരു ഹെഡറിലൂടെ വലയിലെത്തിച്ച് ലിവർപൂൾ സ്‌ട്രൈക്കറായ ഡാർവിൻ നുനസാണ്‌ യുറുഗ്വായെ മുന്നിലെത്തിച്ചത്. അതിനു പിന്നാലെ നെയ്‌മർ പരിക്കേറ്റു കളിക്കളം വിടുകയും ചെയ്‌തു. ബ്രസീലിയൻ താരത്തെ സ്‌ട്രെച്ചറിലാണ് കൊണ്ടു പോയതെന്നത് ആരാധകർക്ക് വലിയ രീതിയിൽ ആശങ്ക നൽകുന്ന കാര്യമാണ്. പരിക്കിന്റെ വിവരങ്ങൾ ലഭ്യമല്ല.

നെയ്‌മർ പോയതോടെ ബ്രസീൽ കൂടുതൽ തളരുന്ന ചെയ്‌തത്‌.പിന്നീട് കാര്യമായ ആക്രമണങ്ങളൊന്നും അവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. എഴുപത്തിയേഴാം മിനുട്ടിൽ യുറുഗ്വായ് ടീമിന്റെ വിജയമുറപ്പിച്ച് രണ്ടാമത്തെ ഗോൾ കണ്ടെത്തി. ആദ്യത്തെ ഗോൾ നേടിയ ഡാർവിൻ നുനസാണ്‌ ഗോളിന് വഴിയൊരുക്കിയത്. താരത്തിന്റെ പാസ് നിക്കോളാസ് ഡി ക്രൂസിന് ഒന്ന് വലയിലേക്ക് തട്ടിയിടേണ്ടി മാത്രമേ വന്നുള്ളൂ. ബ്രസീൽ പിന്നീട് പൊരുതാനുള്ള യാതൊരു ലക്ഷണവും കാണിച്ചില്ല.

യുറുഗ്വായെ സംബന്ധിച്ച് വലിയൊരു നേട്ടമാണ് ബ്രസീലിനെതിരായ വിജയം. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷമാണ് അവർ കാനറികൾക്കെതിരെ ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടുന്നത്. അതേസമയം ബ്രസീലിനെ സംബന്ധിച്ച് തോൽവി വലിയ തിരിച്ചടിയാണ്. ഈ ഇന്റർനാഷണൽ ബ്രേക്കിലെ രണ്ടു മത്സരങ്ങളിലും വിജയം നേടാൻ അവർക്ക് കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ അവർ ഈ മത്സരത്തിൽ തോൽവിയും നേരിട്ടു. യോഗ്യത റൗണ്ടിൽ രണ്ടാം സ്ഥാനത്തു നിന്നിരുന്ന അവർ മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ചെയ്‌തിട്ടുണ്ട്‌.

Brazil Lost Against Uruguay In World Cup Qualifiers

BrazilCONMEBOLNeymarUruguayWorld Cup Qualifiers
Comments (0)
Add Comment