കോപ്പ അമേരിക്കയിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ യുറുഗ്വായോട് തോൽവി വഴങ്ങി ബ്രസീൽ പുറത്തായി. പരുക്കൻ അടവുകൾ നിരവധി കണ്ട മത്സരത്തിൽ രണ്ടു ടീമുകളും നിശ്ചിത സമയത്തു സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയിയെ തീരുമാനിച്ചത്. ബ്രസീൽ രണ്ടു പെനാൽറ്റി പാഴാക്കിയതാണ് യുറുഗ്വായുടെ വിജയത്തിന് വഴിയൊരുക്കിയത്.
2021 കോപ്പ അമേരിക്കയിൽ അർജന്റീനയോട് ഫൈനലിൽ തോൽവി വഴങ്ങുകയും 2022 ലോകകപ്പിൽ ക്രൊയേഷ്യയോട് തോറ്റു പുറത്താവുകയും ചെയ്‌ത ബ്രസീൽ ആരാധകരുടെ നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. അതിനു പരിഹാരമുണ്ടാക്കാൻ വേണ്ടി കോപ്പ അമേരിക്ക കിരീടം നേടാനിറങ്ങിയ ബ്രസീൽ ടൂർണമെന്റിൽ പൂർണമായും നിരാശപ്പെടുത്തുകയായിരുന്നു.
⛔️🇧🇷 Brazil have played four games at Copa América 2024 and they’ve only won one. pic.twitter.com/CPIqPy7iiy
— Fabrizio Romano (@FabrizioRomano) July 7, 2024
ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായ യുറുഗ്വായ്ക്കെതിരെ ബ്രസീൽ പുറത്താകുന്നത് സ്വാഭാവികമായ കാര്യമായി കരുതാം. എന്നാൽ ബ്രസീൽ ടൂർണമെന്റിൽ ഉടനീളം നടത്തിയ പ്രകടനം അവർക്കൊരു നാണക്കേടു തന്നെയാണ്. നാല് മത്സരങ്ങൾ കളിച്ച ബ്രസീൽ അതിൽ ആകെ സ്വന്തമാക്കിയത് ഒരേയൊരു വിജയം മാത്രമാണ്.
ആദ്യത്തെ മത്സരത്തിൽ കോസ്റ്ററിക്ക ബ്രസീലിനെ സമനിലയിൽ തളച്ചിരുന്നു. അതിനു ശേഷം പാരഗ്വായ്‌ക്കെതിരെ മികച്ച പ്രകടനം നടത്തി വിജയം നേടിയ ബ്രസീൽ പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് നടന്ന മത്സരത്തിൽ ടീം കൊളംബിയക്കെതിരെ സമനില വഴങ്ങി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിൽ എത്തിയതിനു പിന്നാലെയാണ് ബ്രസീൽ തോൽവി വഴങ്ങിയത്.
ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല. നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും ഇത്രയും മോശം പ്രകടനം നടത്തിയ ബ്രസീൽ ആരാധകർക്ക് നിരാശ നൽകുന്നത് തുടരുകയാണ്. വലിയൊരു മാറ്റം ബ്രസീലിനു അനിവാര്യമാണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.