പെപ് ഗ്വാർഡിയോളയെ ദേശീയ ടീമിന്റെ പരിശീലകനായി നിയമിക്കാനുള്ള ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്റെ നീക്കങ്ങൾ വിജയം കണ്ടില്ലെന്നു റിപ്പോർട്ടുകൾ. വരുന്ന ലോകകപ്പിൽ ബ്രസീൽ കിരീടം നേടിയാലും ഇല്ലെങ്കിലും നിലവിലെ പരിശീലകൻ ടിറ്റെ സ്ഥാനമൊഴിയുമെന്ന കാര്യം ഉറപ്പാണ്. ഇതിനു പകരക്കാരനായി ബ്രസീൽ പ്രധാനമായും പരിഗണിച്ചിരുന്നത് നിലവിലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളയെ ആയിരുന്നു. എന്നാൽ ബ്രസീൽ ടീമിനെ നയിക്കാൻ കാറ്റലൻ പരിശീലകൻ ഇപ്പോഴെത്തില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മാർക്ക പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം പെപ് ഗ്വാർഡിയോളയുടെ പ്രതിനിധികളുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ചർച്ചകൾ നടത്തിയിട്ടുണ്ട്. 2026 ലോകകപ്പ് വരെ അദ്ദേഹത്തിന് കരാർ നൽകാമെന്നാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ടു വെച്ചത്. അതിനു പുറമെ പ്രതിവർഷം 12 മില്യൺ യൂറോയെന്ന ഭീമമായ പ്രതിഫലവും അവർ വാഗ്ദാനം ചെയ്തു. എന്നാൽ മാഞ്ചസ്റ്റർ സിറ്റി വിടാൻ താൽപര്യമില്ലാത്ത ഗ്വാർഡിയോള നിലവിൽ ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നതു കൊണ്ട് ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്റെ ഓഫർ തഴയുകയായിരുന്നു.
അതേസമയം പുതിയ പരിശീലകനായി ആരെ വേണമെന്ന കാര്യത്തിൽ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ തീരുമാനമെടുത്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ബ്രസീലിയൻ ക്ലബായ ഫ്ലുമിനെൻസിന്റെ പരിശീലകനായ ഫെർണാണ്ടോ ഡിനിസിനെയാണ് ടിറ്റെക്കു പകരക്കാരനായി ബ്രസീൽ പരിഗണിക്കുന്നത്. 2009 മുതൽ വിവിധ ക്ലബുകളെ പരിശീലിപ്പിക്കുന്ന അദ്ദേഹത്തിനു വളരെയധികം നേട്ടങ്ങളൊന്നും അവകാശപ്പെടാൻ കഴിയില്ലെങ്കിലും ബ്രസീൽ ടീമിലെ താരങ്ങൾക്കും ബ്രസീലിലെ ഇതിഹാസങ്ങൾക്കും അദ്ദേഹം വളരെ സമ്മതനായ വ്യക്തിയാണ്.
Dinizismo já vai ganhando sua fama internacional.
— Bruno Vicari (@brunovicari) September 14, 2022
Pra mim, muito cedo.
Se seleção buscar hoje um substituto nacional pro Tite, Rogério Ceni é o primeiro nome na minha lista: história como jogador e trabalhos como treinador o credenciam pra isso. https://t.co/fI6b787wtH
2016 മുതൽ ബ്രസീൽ ടീമിന്റെ പരിശീലകനായി ടിറ്റെയുണ്ട്. അദ്ദേഹത്തിനു കീഴിൽ 2019ലെ കോപ്പ അമേരിക്ക കിരീടം നേടിയ ബ്രസീൽ ടീം കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ ഫൈനലിലും കളിച്ചു. 2018 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെയെത്താൻ മാത്രം കഴിഞ്ഞ ബ്രസീൽ പക്ഷെ ഖത്തർ ലോകകപ്പിന് കിരീടം നേടാമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. ലാറ്റിനമേരിക്കൻ യോഗ്യത മത്സരങ്ങളിൽ ഒരെണ്ണം പോലും തോൽക്കാതെ ലോകകപ്പ് യോഗ്യത നേടിയ ബ്രസീലിയൻ താരങ്ങളെല്ലാം യൂറോപ്പിലെ വിവിധ ക്ലബുകളിൽ മികച്ച ഫോമിൽ കളിക്കുന്നത് ലോകകിരീടത്തോടെ വിടപറയാമെന്ന പ്രതീക്ഷ ടിറ്റെക്കു നൽകുന്നു.