മികച്ച താരങ്ങൾക്ക് യാതൊരു കുറവുമില്ലാതിരുന്നിട്ടും 2002 മുതൽ ലോകകപ്പ് നേടാൻ ബ്രസീലിനു കഴിഞ്ഞിട്ടില്ല ബ്രസീൽ ആരാധകരെ സംബന്ധിച്ച് ഇരുപതു വർഷമായി കിരീടനേട്ടം ഇല്ലാത്തത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. ഈ ലോകകപ്പിലും കഴിഞ്ഞ കോപ്പ അമേരിക്കയിലും ലാറ്റിനമേരിക്കയിൽ തങ്ങളുടെ പ്രധാന എതിരാളിയായ അർജന്റീന കിരീടം നേടിയതോടെ ബ്രസീലിനു മേലുള്ള സമ്മർദ്ദം വർധിച്ചിട്ടുണ്ട്. അടുത്ത ലോകകപ്പിൽ കിരീടമെന്ന ലക്ഷ്യത്തോടെ ഇപ്പോൾ തന്നെ പ്രവർത്തിച്ചു തുടങ്ങിയാൽ മാത്രമേ അത് നേടാൻ കഴിയൂവെന്ന് അവർ മനസിലാക്കി കഴിഞ്ഞിരിക്കുന്നു.
സാമ്പ്രദായിക രീതികളെ പൊളിച്ചു കൊണ്ടാണ് അടുത്ത ലോകകപ്പിനായി ബ്രസീൽ തയ്യാറെടുക്കാൻ ഒരുങ്ങുന്നത്. ഇതിനായി അവർ ആദ്യം ചെയ്യുന്നത് സ്ഥിരമായി ബ്രസീലിൽ നിന്നുള്ള പരിശീലകരെ ദേശീയ ടീമിന്റെ മാനേജർമാരായ നിയമിക്കുന്ന പരിപാടിയിൽ മാറ്റം വരുത്തുകയെന്നതാണ്. അതുകൊണ്ടു തന്നെയാണ് ടിറ്റെ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് പുതിയ പരിശീലകനായി യൂറോപ്പിലെ മികച്ച മാനേജർമാരെ എത്തിക്കാനുള്ള പദ്ധതികൾ അവർ ആരംഭിച്ചു കഴിഞ്ഞു. നിരവധി പരിശീലകരുമായി അവർ ബന്ധപ്പെടുകയും ചെയ്‌തു.
ഇപ്പോൾ ബ്രസീലിന്റെ റഡാറിലുള്ള പുതിയ പരിശീലകൻ ബാഴ്‌സലോണയുടെയും സ്പെയിനിന്റെയും മുൻ മാനേജരായ ലൂയിസ് എൻറിക്വയാണ്. ബാഴ്‌സക്കൊപ്പം ഒരു സീസണിൽ ആറു കിരീടങ്ങൾ ഉൾപ്പെടെ നിരവധി ഗംഭീര നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ് അദ്ദേഹം. സ്പെയിനിനെയും അദ്ദേഹം മാറ്റിയെടുത്തെങ്കിലും ലോകകപ്പ് പ്രീ ക്വാർട്ടറിൽ തോൽവി വഴങ്ങി അവർ പുറത്തു പോയതോടെ എൻറിക് പരിശീലകസ്ഥാനം ഒഴിഞ്ഞു. ഇപ്പോൾ ചില ക്ലബുകളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ കേൾക്കുന്നതിനിടെയാണ് ബ്രസീലും നോട്ടമിട്ടിട്ടുണ്ടെന്ന വാർത്തകൾ വരുന്നത്.
🚨 Luis Enrique is in pole position to become the new head coach of Brazil! 🇧🇷
— Transfer News Live (@DeadlineDayLive) January 12, 2023
(Source: @sport) pic.twitter.com/SxlhwCKUrg
ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ എഡ്നാൾഡോ റോഡ്രിഗസ് ഏതാനും ദിവസത്തെ അവധി കഴിഞ്ഞ് തന്റെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. അദ്ദേഹത്തിനു മുന്നിലുള്ള ആദ്യത്തെ ജോലി പുതിയ പരിശീലകനെ കണ്ടെത്തുക എന്നതാണ്. പെപ് ഗ്വാർഡിയോള, കാർലോ ആൻസലോട്ടി, മൗറീന്യോ, സിദാൻ തുടങ്ങിയവരെ നേരത്തെ തന്നെ ബ്രസീൽ ബന്ധപ്പെട്ടെങ്കിലും അവരൊന്നും അതിനു സമ്മതം മൂളിയില്ല. ഇതേത്തുടർന്നാണ് ഇപ്പോൾ ലൂയിസ് എൻറിക്വയിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്.
നിലവിൽ ഫ്രീ ഏജന്റായ ലൂയിസ് എൻറിക്വക്ക് ക്ലബ് ഫുട്ബോളിൽ നിൽക്കാനാണ് താല്പര്യമെന്നാണ് റിപ്പോർട്ടുകൾ. ഡീഗോ സിമിയോണി സ്ഥാനമൊഴിഞ്ഞാൽ അത്ലറ്റികോ മാഡ്രിഡ് അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നിലവിലുണ്ട്. എന്നാൽ ബ്രസീലിനെപ്പോലൊരു ടീമിന്റെ ക്ഷണം വന്നാൽ അദ്ദേഹം അതിനെ നിരസിക്കാനുള്ള സാധ്യത കുറവാണ്. വളരെ മികച്ച താരങ്ങളുള്ള ടീമിനെ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുകയും ചെയ്യും.