ഇന്റർ മിയാമിയിൽ മെസിയുടെ അരങ്ങേറ്റം വളരെ മനോഹരമായാണ് പൂർത്തിയായത്. മെക്സിക്കൻ ക്ലബായ ക്രൂസ് അസൂലിനെതിരെ നടന്ന ലീഗ് കപ്പ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ ലയണൽ മെസി മികച്ച പ്രകടനം നടത്തുകയും ഇഞ്ചുറി ടൈമിൽ നേടിയ ഫ്രീ കിക്ക് ഗോളിലൂടെ ടീമിന് വിജയം സ്വന്തമാക്കി നൽകുകയും ചെയ്തു. അതോടെ ലയണൽ മെസി മാത്രമായിരുന്നു കുറച്ചു ദിവസമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്.
എന്നാൽ ലയണൽ മെസിയെക്കൂടാതെ മറ്റൊരു താരം കൂടി അന്നത്തെ മത്സരത്തിൽ ഇന്റർ മിയാമിക്ക് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നു. ലയണൽ മെസിക്കൊപ്പം ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ മുൻ ബാഴ്സലോണ നായകനായ സെർജിയോ ബുസ്ക്വറ്റ്സാണ് അന്ന് ഇന്റർ മിയാമിക്കായി ആദ്യത്തെ മത്സരം കളിച്ചത്. രണ്ടാം പകുതിയിൽ കളത്തിലിറങ്ങി സ്പാനിഷ് താരം നടത്തിയ മികച്ച പ്രകടനം ലയണൽ മെസിയുടെ ഗോളിൽ മുങ്ങിപ്പോയെന്നു തന്നെ വേണം പറയാൻ.
Don't let Messi's debut distract you from the fact that Sergio Busquets was sensational in his debut as well 👏 (via @MLS) pic.twitter.com/032vho4dD8
— ESPN FC (@ESPNFC) July 22, 2023
ബാഴ്സലോണയിലെന്ന പോലെ മധ്യനിരയെ ഭരിക്കുന്ന പ്രകടനമാണ് സെർജിയോ ബുസ്ക്വറ്റ്സ് മത്സരത്തിൽ നടത്തിയത്. ക്രൂസ് അസൂൽ താരങ്ങളെ തന്റെ സ്വാഭാവികമായ കേളീശൈലി കൊണ്ടു വട്ടം കറക്കിയ താരം മികച്ച പന്തടക്കം കാത്തു സൂക്ഷിച്ചിരുന്നു. ഇന്റർ മിയാമിയുടെ ആക്രമണങ്ങൾക്ക് വഴി തുറന്നു കൊടുക്കുന്ന മികച്ച പാസുകൾ ലയണൽ മെസിയിലേക്ക് എത്തിക്കാൻ ബുസ്ക്വറ്റ്സിന് കഴിഞ്ഞത് ഇരുവരും തമ്മിലുള്ള ഒത്തിണക്കം പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
ബുസ്ക്വറ്റ്സിനും മെസിക്കും പുറമെ മറ്റൊരു മുൻ ബാഴ്സലോണ താരം കൂടി ഇന്റർ മിയാമിയിൽ എത്തിയിട്ടുണ്ട്. ലയണൽ മെസിയുമായുള്ള അപാരമായ കണക്ഷന്റെ പേരിൽ കൂടി ശ്രദ്ധിക്കപ്പെട്ട ലെഫ്റ്റ് ബാക്കായ ജോർദി ആൽബ അടുത്ത മത്സരത്തിൽ അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മൂന്നു താരങ്ങളും ഒന്നിച്ചാൽ തന്നെ കൂടുതൽ മികച്ച പ്രകടനം നടത്താൻ ഇന്റർ മിയാമിക്ക് കഴിയും.
Busquets Superb Debut For Inter Miami