ലാ ലിഗ കിരീടപ്പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തു നിന്നിരുന്ന റയൽ മാഡ്രിഡിന് കൂടുതൽ തിരിച്ചടി നൽകിയാണ് കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ തോൽവി വഴങ്ങിയത്. മയോർക്കയുടെ മൈതാനത്തു നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവിയാണു റയൽ മാഡ്രിഡ് നേരിട്ടത്. നാച്ചോ ഹെർണാണ്ടസ് കുറിച്ച സെൽഫ് ഗോളിന് രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ മറുപടി നൽകാൻ റയലിന് അവസരമുണ്ടായിരുന്നെങ്കിലും അസെൻസിയോയുടെ കിക്ക് ഗോൾകീപ്പർ രക്ഷപ്പെടുത്തിയത് റയലിന് മൂന്നു പോയിന്റും നഷ്‌ടമാകാൻ കാരണമായി.
അതേസമയം മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ റഫറിക്കെതിരെ രൂക്ഷമായ വിമർശനവുമായി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി രംഗത്തെത്തി. റയൽ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയർ മത്സരത്തിൽ നിരന്തരം ഫൗൾ ചെയ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ആൻസലോട്ടി റഫറിക്കെതിരെ പ്രതികരണം നടത്തിയത്. മത്സരത്തിൽ പത്തു തവണയാണ് വിനീഷ്യസ് ഫൗൾ ചെയ്യപ്പെട്ടത്. ഇതോടെ ഒരു മത്സരത്തിൽ കൂടുതൽ തവണ ഫൗൾ ചെയ്യപ്പെട്ട റയൽ മാഡ്രിഡ് താരമെന്ന റെക്കോർഡിനൊപ്പവും താരമെത്തി.
“ഫൗളുകൾ ആവർത്തിക്കുന്നത് റഫറി മറന്നു പോയിരിക്കുന്നു. വീണ്ടും വീണ്ടും ഫൗളുകൾ വന്നുകൊണ്ടിരുന്നെങ്കിലും മയോർക്കക്ക് ഹാഫ് ടൈമിൽ ഒരു കാർഡ് പോലുമില്ലായിരുന്നു, ഞങ്ങൾക്ക് രണ്ടു കാർഡുകളും ലഭിച്ചു. വിനീഷ്യസിന്റെ കുഴപ്പമല്ല സംഭവിച്ചത്, താരം ഫുട്ബോൾ കളിക്കാനാണ് ശ്രമിച്ചതെങ്കിലും മൈതാനത്തെ അന്തരീക്ഷവും എതിരാളികളും പ്രകോപനം സൃഷ്‌ടിക്കാൻ കാരണമായി. താരത്തിനെന്ത് സംഭവിച്ചുവെന്ന് കൃത്യമായി മനസിലാക്കേണ്ടതുണ്ട്.” ആൻസലോട്ടി മത്സരത്തിന് ശേഷം പറഞ്ഞു.
🚨 Ancelotti: "There is an atmosphere that provokes, rivals that foul… It's not Vinicius' FAULT. He just wants to play football. What happened to him today has to serve to change the focus." https://t.co/h1MD2LkjIw
— Mr. Muñoz (@FreddyMoonYoz) February 5, 2023
മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായി എട്ടു പോയിന്റ് വ്യത്യാസത്തിലാണ് റയൽ മാഡ്രിഡ് ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. സ്‌പാനിഷ് സൂപ്പർകപ്പ് മത്സരം ബാഴ്‌സലോണക്ക് മുന്നിൽ അടിയറവ് വെച്ച റയൽ മാഡ്രിഡിന് ലീഗിലും തിരിച്ചടി തുടരുകയാണ്. ഇനി കോപ്പ ഡെൽ റേ സെമി ഫൈനലിൽ ബാഴ്‌സക്കെതിരെയാണ് റയൽ മാഡ്രിഡ് ഇറങ്ങേണ്ടത്. അതിനു മുൻപ് ക്ലബ് ലോകകപ്പിൽ വിജയം നേടി തങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിയുമെന്നാണ് റയൽ മാഡ്രിഡ് കരുതുന്നത്.