ഈ സീസണിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ അർജന്റീന ടീമിനായി കളിച്ചിട്ടുള്ളൂവെങ്കിലും കഴിവു തെളിയിച്ച താരമാണ് അലസാന്ദ്രോ ഗർനാച്ചോ. അഞ്ചു മത്സരങ്ങൾ മാത്രം ഈ സീസണിൽ കളിച്ച താരം രണ്ടു ഗോളും രണ്ട് അസിസ്റ്റും മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടക്കം മുതൽ അവസരം ലഭിച്ചിരുന്നേൽ ലോകകപ്പിനുള്ള അർജന്റീന ടീമിലും ഗർനാച്ചോ ഉണ്ടാകുമായിരുന്നു.
ഇപ്പോൾ അർജന്റീനയുടെ ലോകകപ്പ് ടീമിലേക്ക് ഗർനാച്ചോ എത്താനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. പരിക്കിന്റെ പിടിയിലുള്ള ചില താരങ്ങൾ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടേക്കാമെന്നാണ് പരിശീലകൻ ലയണൽ സ്കലോണി കഴിഞ്ഞ ദിവസം പറഞ്ഞത്. അങ്ങിനെയാണെങ്കിൽ ഫിറ്റ്നസ് വീണ്ടെടുക്കാത്ത മുന്നേറ്റനിര താരം നിക്കോ ഗോൺസാലസിന് പകരം ഗർനാച്ചോ ടീമിൽ എത്തിയേക്കാം.
നേരത്തെ സ്ക്വാഡിൽ ഉണ്ടായിരുന്ന ഏഞ്ചൽ കൊറേയയെ ഒഴിവാക്കിയാണ് സ്കലോണി ഇരുപത്തിയാറ് പേരുടെ സ്ക്വാഡ് പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ ഏഞ്ചൽ കൊറിയക്കാണ് സാധ്യത കൂടുതൽ. എന്നാൽ വേഗതയും ഡ്രിബ്ലിങ് മികവും കായികശേഷിയുമുള്ള ഗർനാച്ചോയെ തനിക്ക് പല രീതിയിൽ ഉപയോഗിക്കാൻ കഴിയുമെന്ന് സ്കലോണിക്ക് തോന്നിയാൽ താരത്തിനും വിളി വരാനുള്ള സാധ്യതയുണ്ട്.
താരങ്ങളുടെ പരിക്കിന്റെ വിവരങ്ങൾ അറിഞ്ഞതിനു ശേഷമേ ഇക്കാര്യത്തിൽ പരിശീലകൻ തീരുമാനം എടുക്കൂ. ഫിറ്റ്നസ് വീണ്ടെടുത്താൽ ഈ താരങ്ങൾ തന്നെ തുടർന്നേക്കും. അതല്ലെങ്കിൽ പുതിയ താരങ്ങൾ തിങ്കളാഴ്ചക്കുള്ളിൽ ടീമിൽ എത്തിയേക്കും.