ചെൽസിയിലെത്തി ആറു മാസം തികയുന്നതിനു മുൻപ് ക്ലബിന് ചാമ്പ്യൻസ് ലീഗ് കിരീടം സമ്മാനിച്ച തോമസ് ടുഷെലിനെ ഈ സീസൺ ആരംഭിച്ചതിനു ശേഷം പുറത്താക്കാനുള്ള തീരുമാനം ആരാധകർക്ക് അത്ര തൃപ്‌തികരമായിരുന്നില്ല. ടുഷെൽ തുടർന്നാൽ ക്ലബിന് ഇനിയും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന് ആരാധകരിൽ വലിയൊരു വിഭാഗം ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ ജർമൻ പരിശീലകനെ പുറത്താക്കിയ ക്ലബിന്റെ ഉടമ ടോഡ് ബോഹ്‍ലിക്കെതിരെ ആ സമയത്ത് ആരാധകർ വിമർശനങ്ങൾ ഉയർത്തുകയും ചെയ്‌തു.
എന്നാൽ ടുഷെലിനു പകരക്കാരനായി ബ്രൈറ്റണിൽ നിന്നുമെത്തിയ ഗ്രഹാം പോട്ടർ ആരാധകരുടെ മനസു കവരുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണുന്നത്. ഇതുവരെ ഒൻപതു മത്സരങ്ങളിൽ ചെൽസിയെ പരിശീലിപ്പിച്ച അദ്ദേഹത്തിനു കീഴിൽ ഇതുവരെയും ടീം തോൽവി അറിഞ്ഞിട്ടില്ല. ഇതിൽ ആറു മത്സരങ്ങളിൽ ജയിച്ച ചെൽസി മൂന്നു മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്‌തു. മികച്ച ഫലങ്ങൾ ഉണ്ടാക്കുന്നതിനൊപ്പം മനോഹരമായ കളി കാഴ്‌ച വെക്കാൻ ചെൽസിക്ക് കഴിയുന്നുണ്ടെന്നതാണ് ആരാധകരെ കൂടുതൽ ആവേശം കൊള്ളിക്കുന്നത്. ഇന്നലെ സാൽസ്ബർഗിനെതിരെ നടന്ന മത്സരത്തിൽ ടീം നടത്തിയ പാസിംഗ് ഗെയിമിലൂടെയുള്ള മുന്നേറ്റം ഇതിനു തെളിവായിരുന്നു.
ആദ്യപകുതിയുടെ മുപ്പത്തിരണ്ടാം മിനുട്ടിൽ ഗോൾകീപ്പർ കേപ്പയിലൂടെ ആരംഭിച്ച് ഒൻപതു പാസുകളിലൂടെ ഗോൾകീപ്പറുമായി വൺ ഓൺ വൺ സാഹചര്യം സൃഷ്‌ടിച്ച പാസിംഗ് ഗെയിം അതിമനോഹരമായ ഒന്നായിരുന്നു. എന്നാൽ അവസാനം പന്ത് ലഭിച്ച സ്‌ട്രൈക്കർ പിയറി എമറിക്ക് ഒബാമയാങിന് അവസരം മുതലാക്കാൻ കഴിഞ്ഞില്ല. താരത്തിന്റെ ഷോട്ട് സാൽസ്ബർഗ് ഗോൾകീപ്പർ തടുത്തിടുകയായിരുന്നു. കെപ്പയിൽ നിന്നും തുടങ്ങി കൂളിബാളി, ജോർജിന്യോ, കോവാസിച്ച്, ഹാവേർട്സ് എന്നിവരിലൂടെ ഒബാമയാങ്ങിൽ എത്തിയ ഈ നീക്കം പ്രധാനമായും മുന്നോട്ടു കൊണ്ടു പോയത് ഇറ്റാലിയൻ മധ്യനിര താരം ജോർജിന്യോയുടെ കൃത്യതയുള്ള മൂവ്മെന്റുകളായിരുന്നു.
Fair enough, Potter…pic.twitter.com/dzQblIHgg4
— Matthew (@_halfspaces) October 25, 2022
മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയതോടെ ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ടിലെത്താൻ ചെൽസിക്ക് കഴിഞ്ഞു. ചെൽസി പ്രീ ക്വാർട്ടറിൽ എത്തിയതിനൊപ്പം ആരാധകർക്ക് സന്തോഷം നൽകിയത് ടീമിന്റെ പ്രകടനം കൂടിയാണ്. ഗ്രഹാം പോട്ടറിനു വേണ്ട താരങ്ങളെ ലഭിച്ചാൽ അടുത്താത്ത സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ അവർക്കു കഴിയുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. ഈ സീസണിൽ തന്നെ ചെൽസിക്ക് അത്ഭുതങ്ങൾ സൃഷ്‌ടിക്കാനുള്ള കഴിവുണ്ടെന്നും ആരാധകർ പറയുന്നു.