മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെയധികം പ്രതിസന്ധികൾ നേരിട്ടു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള പദ്ധതികൾ നടക്കാതെ വന്ന താരം എറിക് ടെൻ ഹാഗിന്റെ പദ്ധതികളിൽ പകരക്കാരനായി മാറിയിരുന്നു. ഇപ്പോൾ ഒരു പ്രൊഫെഷണൽ താരത്തിനു നിരക്കാത്ത തരത്തിൽ ടോട്ടനം ഹോസ്പറിനെതിരായ മത്സരത്തിൽ പെരുമാറിയതോടെ താരത്തിനെതിരെ ശിക്ഷാനടപടിയുമായി ക്ലബ് രംഗത്തു വരികയും ചെയ്തു.
റൊണാൾഡോ ടോട്ടനത്തിനെതിരെ പകരക്കാരനായിറങ്ങാൻ തയ്യാറായില്ലെന്നും അതിനു പുറമെ മത്സരം തീരുന്നതിനു മുൻപ് സ്റ്റേഡിയം വിട്ടതിനും പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതോടെ ജനുവരിയിൽ താരം ക്ലബ് വിടാനുള്ള സാധ്യതകൾ വളരെയധികം വർധിച്ചിട്ടുണ്ട്. അതിനിടയിൽ റൊണാൾഡോക്ക് ജനുവരിയിൽ ചേക്കേറാൻ കഴിയുന്ന ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഒരേയൊരു ക്ലബ്ബിനെ വെളിപ്പെടുത്തുകയാണ് മുൻ ആഴ്സണൽ സ്ട്രൈക്കർ കെവിൻ കാംപെൽ.
“ജനുവരിയിൽ ഒരു ലോൺ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. താരത്തിന് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കണം. ചാമ്പ്യൻസ് ലീഗിലുള്ള നാല് ടീമുകളിൽ ഒരെണ്ണത്തിൽ മാത്രമേ താരത്തിന് പോകാൻ കഴിയൂ. ഒരിക്കലും സ്പർസിലേക്ക് പോകാൻ കഴിയില്ല, ലിവർപൂളിലേക്കും താരത്തിന് ചേക്കേറാൻ കഴിയില്ല. അതു ചെൽസിയായിരിക്കും. ഇത് ക്ലബിനുള്ളിൽ നിന്നുള്ള വിവരമല്ല.” കെവിൻ കാംപെൽ ടോക്ക്സ്പോർട്ടിനോട് പറഞ്ഞു.
Former Arsenal striker Kevin Campbell has tipped Chelsea to sign Manchester United star Cristiano Ronaldo on loan in January. https://t.co/KfV2JCAePq
— Sportskeeda Football (@skworldfootball) October 22, 2022
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീവ്രമായ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള പ്രധാനപ്പെട്ട ക്ലബുകളൊന്നും താരത്തെ സ്വന്തമാക്കാൻ തയ്യാറായില്ല. ചെൽസി ഉടമകൾക്ക് റൊണാൾഡോയെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും അന്നത്തെ പരിശീലകനായ ടുഷെൽ അതു വേണ്ടെന്നു വെച്ചു. ഇപ്പോൾ ഗ്രഹാം പോട്ടർ പരിശീലകനായതിനാൽ ചെൽസി ജനുവരിയിൽ വീണ്ടും താരത്തിനായി ശ്രമം നടത്താനുള്ള സാധ്യതയുണ്ട്.