സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി താരങ്ങളാണ് ചെൽസിയിൽ നിന്നും പുറത്തു പോയത്. കരാർ അവസാനിച്ച് അന്റോണിയോ റുഡിഗാർ, ആന്ദ്രെസ് ക്രിസ്റ്റൻസെൻ എന്നിവർ ടീം വിട്ടതിനു പുറമെ ലുക്കാക്കു, ടിമോ വെർണർ തുടങ്ങിയ താരങ്ങളും ക്ലബ് വിടുകയുണ്ടായി. ഇവർക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടക്കം മുതൽ തന്നെ ചെൽസി നടത്തിയെങ്കിലും അതു കൃത്യമായി വിജയം കണ്ടില്ല. ചെൽസി നോട്ടമിട്ട മൂന്നോളം താരങ്ങളെ സ്വന്തമാക്കി ബാഴ്‌സലോണയാണ് അവർക്ക് വലിയ തിരിച്ചടി നൽകിയത്.
എന്നാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസം വരെ ടീമിനെ ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടർന്ന ചെൽസിക്ക് ഇപ്പോൾ അതിനു കഴിഞ്ഞിട്ടുണ്ട്. എട്ടു താരങ്ങളെയാണ് ചെൽസി ഈ സീസണിൽ സ്വന്തമാക്കിയിരിക്കുന്നത്. അതിനു പുറമെ ഒരു സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമധികം തുക ചിലവാക്കുന്ന പ്രീമിയർ ലീഗ് ക്ലബെന്ന റെക്കോർഡും ചെൽസി സ്വന്തമാക്കി. ഏതാണ്ട് 278.4 മില്യൺ പൗണ്ടാണ് ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ വിവിധ താരങ്ങളെ സ്വന്തമാക്കാൻ ചെൽസി മുടക്കിയിരിക്കുന്നത്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ ചരിത്രത്തിൽ മറ്റൊരു ക്ലബും ഇത്രയും തുക കളിക്കാരെ വാങ്ങാൻ ചിലവാക്കിയിട്ടില്ല.
ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ ചെൽസിയിൽ എത്തിയ ലൈസ്റ്റർ സിറ്റി താരം വെസ്‌ലി ഫൊഫാനായാണ് ക്ലബിന്റെ ഏറ്റവും ഉയർന്ന തുകക്കുള്ള സൈനിങ്. 69.5 മില്യൺ പൗണ്ടാണ് ഫ്രഞ്ച് താരത്തിനു വേണ്ടി ചെൽസി മുടക്കിയത്. അതിനു പുറമെ 62 മില്യൺ നൽകി മാർക് കുകുറയ്യ, 50 മില്യൺ നൽകി റഹീം സ്റ്റെർലിങ്, 34 മില്യൺ പൗണ്ട് നൽകി കലിഡു കൂളിബാളി, പത്തു മില്യൺ നൽകി പിയറി എമറിക്ക് ഒബാമയാങ് എന്നിവരെയും ലോണിൽ ഡെനിസ് സക്കറിയയെയുമാണ് ചെൽസി സ്വന്തം ടീമിൽ എത്തിച്ചിരിക്കുന്നത്. ക്ലബിന്റെ പുതിയ ഉടമയായ ടോഡ് ബോഹ്‍ലിയാണ് ഈ ട്രാൻസ്‌ഫറുകൾക്കു പിന്നിൽ പ്രവർത്തിച്ചത്.
A record breaking window 🥵
— Sky Sports News (@SkySportsNews) September 2, 2022
Chelsea spent the most money by any club in Premier League history after signing Pierre-Emerick Aubameyang and Denis Zakaria in the early hours 🤑 pic.twitter.com/8hdNdvtWX5
സീസൺ ആരംഭിച്ചതിനു ശേഷം മോശം പ്രകടനമാണ് ചെൽസി നടത്തുന്നത്. പ്രീമിയർ ലീഗിൽ അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടു ജയം മാത്രമാണ് ചെൽസി നേടിയത്. രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയപ്പോൾ ഒരെണ്ണത്തിൽ ടീം സമനിലയിൽ കുരുങ്ങുകയും ചെയ്‌തു. നിലവിൽ ലീഗിൽ പത്താം സ്ഥാനത്തു നിൽക്കുന്ന ടീമിലേക്ക് പുതിയ ഏതാനും താരങ്ങൾ കൂടി എത്തിയത് ആശ്വാസം നൽകുന്ന കാര്യമാണെങ്കിലും അവർ ടീമുമായി ഇണങ്ങിച്ചേരാൻ സമയം എടുക്കുമെന്നത് ഈ സീസണിലെ ചെൽസിയുടെ പദ്ധതികളെ ബാധിക്കാനുള്ള സാധ്യതയുണ്ട്.