റോമൻ അബ്രമോവിച്ചിൽ നിന്നും ടോഡ് ബോഹ്ലി ചെൽസിയുടെ ഉടമയായി മാറിയതിനു ശേഷം ടീമിനെ അഴിച്ചു പണിയുകയാണ്. ആദ്യം പരിശീലകനെ പുറത്താക്കിയ അദ്ദേഹം ഇപ്പോൾ പുതിയ താരങ്ങളെ ഒന്നിനു പുറകെ ഒന്നായി എത്തിച്ചു കൊണ്ടിരിക്കുന്നു. ഡ്രസിങ് റൂമിൽ ചില താരങ്ങൾക്കുള്ള ആധിപത്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ചെൽസി ഇത്രയധികം പുതിയ കളിക്കാരെ എത്തിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്.
അതേസമയം പുതിയ കളിക്കാർ എത്തുമ്പോഴും ടീമിലെ സ്ഥാനത്തിന് യാതൊരു ഇളക്കവുമില്ലാതെ നിൽക്കുകയാണ് ബ്രസീലിയൻ താരം തിയാഗോ സിൽവ. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചെൽസിയുമായി സിൽവ പുതിയ കരാറൊപ്പിടാൻ ഒരുങ്ങുകയാണ്. മുപ്പത്തിയെട്ടു വയസായ താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കുമെന്നിരിക്കെ ഒരു വർഷത്തേക്ക് കൂടി അത് നീട്ടാനാണ് ചെൽസി ഒരുങ്ങുന്നത്.
മുപ്പത്തിയെട്ടാം വയസിലും കായികക്ഷമത ധാരാളം വേണ്ട പ്രീമിയർ ലീഗ് പോലൊരു ഇടത്തിൽ തന്റെ ഏറ്റവും മികച്ച പ്രകടനം തിയാഗോ സിൽവ നടത്തുന്നുണ്ട്. താരത്തിന്റെ പരിചയസമ്പത്തും നേതൃഗുണവും ടീമിനായി ഉപയോഗപ്പെടുത്താൻ തന്നെയാണ് പരിശീലകനായ ഗ്രഹാം പോട്ടർ തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ യുവതാരങ്ങൾ ടീമിലേക്ക് വരുന്നതിനാൽ അവരെ കൃത്യമായി നയിക്കാൻ സിൽവയെ പോലൊരു വ്യക്തിത്വത്തിന്റെ സാന്നിധ്യം ഗുണം ചെയ്യും.
Chelsea have opened talks with Thiago Silva about a new contract.
— The Athletic | Football (@TheAthleticFC) January 24, 2023
The Brazil international’s current deal expires at the end of the season but #CFC want him to stay on for at least another 12 months.
More from @SJohnsonSport https://t.co/aS0sy2fVIs
കഴിഞ്ഞ സമ്മറിൽ നൂറു മില്യൺ യൂറോ നൽകി കൂളിബാളി, ഫൊഫാന എന്നീ പ്രതിരോധതാരങ്ങളെ ടീമിലെത്തിച്ചിട്ടും ചെൽസി പ്രതിരോധത്തിൽ സിൽവ തന്നെയാണ് പ്രധാനപ്പെട്ട താരം. ജനുവരിയിൽ സ്വന്തമാക്കിയ ബാദിയഷീലിനൊപ്പം കഴിഞ്ഞ രണ്ടു മത്സരത്തിലും ക്ലീൻഷീറ്റ് നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. പുതിയ കരാർ ഒപ്പിടുന്നതോടെ മുപ്പത്തിയൊമ്പതാം വയസിലും സിൽവ ചെൽസിയിൽ തുടരും. പ്രീമിയർ ലീഗിൽ ഈ പ്രായത്തിലുള്ള മറ്റൊരു താരവും കളിക്കുന്നില്ല.
എസി മിലാനിൽ മികച്ച പ്രകടനം നടത്തിയതിനു ശേഷം പിഎസ്ജിയിലെത്തിയ തിയാഗോ സിൽവ ഫ്രാൻസിൽ ഏഴു ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ചെൽസിയിൽ എത്തിയപ്പോഴാണ് ചാമ്പ്യൻസ് ലീഗിൽ മുത്തമിടാൻ സിൽവക്ക് കഴിഞ്ഞത്. ഈ സീസണിൽ മൂന്നെണ്ണത്തിലൊഴികെ ബാക്കിയെല്ലാം പ്രീമിയർ ലീഗ് മത്സരങ്ങളിലും കളിച്ച താരം ചെൽസിക്കായി അഞ്ചു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും കളത്തിലിറങ്ങി.