പ്രീമിയർ ലീഗിലെ ഈ സീസൺ വളരെയധികം ആവേശം നിറഞ്ഞതാകുമെന്ന കാര്യത്തിൽ സംശയമില്ല. ഏതാനും വർഷങ്ങളായി മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യം കണ്ടിരുന്ന ലീഗിൽ ഈ സീസണിലെ ഒൻപതു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആഴ്‌സണലാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ഒരൊറ്റ പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റി തൊട്ടു പിന്നിൽ തന്നെ നിൽക്കുമ്പോൾ ടോട്ടനം, ചെൽസി എന്നീ ടീമുകൾ മൂന്നും നാലും സ്ഥാനങ്ങളിലാണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാമത് നിൽക്കുന്ന പോയിന്റ് ടേബിളിൽ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ലിവർപൂൾ പത്താം സ്ഥാനത്താണ്.
നവംബർ, ഡിസംബർ മാസങ്ങളിലായി ലോകകപ്പ് ടൂർണമെന്റ് നടക്കുന്നതിനാൽ ടീമുകളുടെ നിലവിലെ ഫോമിൽ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇതുവരെയുള്ള പ്രകടനം നോക്കിയാൽ ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും തമ്മിൽ തന്നെയായിരിക്കാനാണ് സാധ്യത. പെപ് ഗ്വാർഡിയോളയുടെ ശിഷ്യനായ മൈക്കൽ അർടെട്ടയുടെ ആഴ്‌സണൽ ഈ സീസണിൽ മിന്നുന്ന പ്രകടനം നടത്തുമ്പോൾ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ ടോം ക്ലെവർലി പറയുന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടപ്പോരാട്ടത്തിൽ വെല്ലുവിളിയുയർത്താൻ പോന്ന ഒരേയൊരു ക്ലബ് ഗണ്ണേഴ്‌സ് മാത്രമാണെന്നാണ്.
“നിലവിൽ പ്രീമിയർ ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റർ സിറ്റിക്ക് വെല്ലുവിളി ഉയർത്താൻ ഏറ്റവുമധികം സാധ്യതയുള്ളത് ആഴ്‌സണലിനാണ്. അന്റോണിയോ കോണ്ടെ ടോട്ടനത്തിൽ മികച്ചൊരു മാനേജരാണ്. എന്നാൽ അവരുടെ കേളീ ശൈലി ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പൊരുതുന്ന തരത്തിൽ മാത്രമായി നിയന്ത്രിക്കപ്പെടുന്നു. ആഴ്‌സണൽ ആവേശമുണ്ടാക്കുന്നു, ആത്മവിശ്വാസവും കായികശേഷിയുമുള്ള താരങ്ങൾ അവർക്കുണ്ട്. മുന്നേറ്റനിര യുവത്വവും ആത്മവിശ്വാസവും ഗോളുകളും കണ്ടെത്തുന്നു, അവരാണ് എന്നെ സംബന്ധിച്ച് വെല്ലുവിളിയുയർത്താൻ പോന്ന ടീം.” ക്ലെവർലി പറഞ്ഞു.
" Arsenal have the best chance of challenging Manchester City for the title right now. Arsenal are exciting, they are full of confidence and have some very physical players in the spine of that team. they’re the challengers for me."
— Doc (@karthikadhaigal) October 14, 2022
– Tom Cleverley via @SkyBet pic.twitter.com/BpBnqpnnMN
കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി ലീഗിലെ രണ്ടു മികച്ച ടീമുകളെ കീഴടക്കിയ ആഴ്‌സണൽ കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ മുന്നിലെത്താൻ അനുവദിക്കാതെയാണ് കുതിക്കുന്നത്. ലീഗിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ടോട്ടനം ഹോസ്‌പറിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും ലിവർപൂളിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കുമാണ് ആഴ്‌സണൽ കീഴടക്കിയത്. ഈ സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് മാത്രം തോൽവി വഴങ്ങി ബാക്കിയെല്ലാ മത്സരങ്ങളും വിജയിച്ച ആഴ്‌സണൽ അടുത്ത മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനെയാണ് നേരിടുന്നത്.
അതേസമയം സൂപ്പർതാരം എർലിങ് ഹാലൻഡിന്റെ കരുത്തിലാണ് ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി കുതിക്കുന്നത്. പ്രീമിയർ ലീഗിൽ മാത്രം പതിനഞ്ചു ഗോളുകൾ നേടി മികച്ച ഫോമിൽ കളിക്കുന്ന താരത്തിന്റെ മികവിൽ ആഴ്‌സണലിന് ഒരു പോയിന്റ് മാത്രം പിന്നിലാണ് മാഞ്ചസ്റ്റർ സിറ്റി നിൽക്കുന്നത്. ഈ സീസനിലിതു വരെ ഒരു മത്സരം പോലും തൊട്ടിട്ടില്ലെങ്കിലും ന്യൂകാസിൽ യുണൈറ്റഡ്, ആസ്റ്റൺ വില്ല എന്നിവരോട് വഴങ്ങിയ സമനിലയാണ് മാഞ്ചസ്റ്റർ സിറ്റിയെ രണ്ടാം സ്ഥാനത്തേക്കു വീഴ്ത്തിയത്.