കൊളംബിയക്കെതിരെ ലയണൽ മെസി കരുതിയിരിക്കണം, കഴിഞ്ഞ കോപ്പ അമേരിക്ക ഒരു പാഠമാണ്

കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനൽ നാളെ രാവിലെ നടക്കാനിരിക്കുമ്പോൾ കിരീടത്തിനായി നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും ഇരുപത്തിമൂന്നു വർഷങ്ങൾക്ക് ശേഷം ആദ്യത്തെ കിരീടം ലക്‌ഷ്യം വെക്കുന്ന കൊളംബിയയും ഏറ്റുമുട്ടും. നായകന്മാരായ ലയണൽ മെസി, ഹമെസ് റോഡ്രിഗസ് എന്നിവരാണ് രണ്ടു ടീമുകളുടെയും പ്രധാനപ്പെട്ട താരങ്ങൾ.

ടൂർണമെന്റിൽ മികച്ച ഫോമിൽ കളിക്കുകയും എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനം നടത്തുകയും ചെയ്യുന്ന കൊളംബിയക്കെതിരെ ഇറങ്ങുമ്പോൾ അർജന്റീന നായകനായ ലയണൽ മെസി കൂടുതൽ കരുതിയിരിക്കേണ്ടതുണ്ട്. 2021ൽ നടന്ന കോപ്പ അമേരിക്ക സെമി ഫൈനലിൽ കൊളംബിയയെ നേരിട്ടപ്പോൾ സംഭവിച്ചത് ആരാധകർ ഇന്നും മറക്കാൻ സാധ്യതയില്ല.

അർജന്റീനയുടെ ഏറ്റവും മികച്ച താരവും നായകനുമായ ലയണൽ മെസിക്കെതിരെ കടുത്ത അടവുകളാണ് അന്ന് കൊളംബിയൻ താരങ്ങൾ എടുത്തത്. ലയണൽ മെസിയിലൂടെ കളി മുന്നോട്ടു പോവുകയെന്ന അർജന്റീനയുടെ പദ്ധതിയെ തടയാൻ വേണ്ടി മെസിയെ വമ്പൻ ഫൗളിന് വിധേയമാക്കിയും പൂട്ടിയിടുക എന്ന തന്ത്രമാണ് കൊളംബിയ നടപ്പിലാക്കിയത്.

അന്നത്തെ മത്സരത്തിൽ കൊളംബിയ ആറു മഞ്ഞക്കാർഡുകളാണ് വാങ്ങിയത്. അത് മുഴുവൻ ലയണൽ മെസിയെ ഫൗൾ ചെയ്‌തതിന്റെ പേരിലായിരുന്നു എന്നതിൽ നിന്നു തന്നെ താരത്തെ കൊളംബിയൻ കളിക്കാർ എത്രത്തോളം ലക്‌ഷ്യം വെച്ചുവെന്നു മനസിലാക്കാം. കാലിന്റെ ആംഗിളിൽ ചോരയുമായി കളിക്കുന്ന ലയണൽ മെസിയെ ആരാധകർ മറന്നിട്ടുണ്ടാകില്ല.

മൂന്ന് വർഷങ്ങൾക്ക് ശേഷം കൊളംബിയയെ നേരിടാനിറങ്ങുമ്പോൾ മെസി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഈ ടൂർണമെന്റിൽ പരിക്കിന്റെ ബുദ്ധിമുട്ടുകൾ പലപ്പോഴും പ്രകടിപ്പിച്ച താരമാണ് മെസി. നിലവിൽ ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും കൊളംബിയൻ താരങ്ങളുടെ കടുത്ത അടവുകൾ താരത്തിന്റെ സ്ഥിതി വഷളാക്കുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്.

ArgentinaColombiaCopa America 2024Lionel Messi
Comments (0)
Add Comment