എന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾക്ക് തോൽവി സമ്മതിക്കാൻ പ്രയാസമാണെന്നു പറയും, അർജന്റീനയുടെ പരാജയത്തെക്കുറിച്ച് സ്‌കലോണി

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അർജന്റീന തോൽവി വഴങ്ങിയിരുന്നു. കോപ്പ അമേരിക്ക ഫൈനലിൽ എതിരാളികളായിരുന്ന കൊളംബിയ സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇതോടെ കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് പകരം വീട്ടാൻ അവർക്കു കഴിഞ്ഞു.

കൊളംബിയയിൽ കടുത്ത ചൂടിലാണ് മത്സരം നടന്നതെന്നത് അർജന്റീനയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. മോസ്‌കേരയുടെ ഗോളിൽ മുന്നിലെത്തിയ കൊളംബിയക്കെതിരെ അർജന്റീന നിക്കോയിലൂടെ തിരിച്ചടിച്ചെങ്കിലും അറുപതാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഹാമെസ് കൊളംബിയയെ മുന്നിലെത്തിച്ചു. അതേസമയം മത്സരത്തിന് ശേഷം സ്‌കലോണി ചെറിയ വിമർശനം നടത്തി.

“ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവർ പറയും ഞങ്ങൾക്ക് തോൽവിയെ അഭിമുഖീകരിക്കാൻ അറിയില്ലെന്ന്. ഞാൻ കൊളംബിയയെ അഭിനന്ദിക്കുന്നു. എന്നാൽ എന്നെ ആശങ്കപ്പെടുത്തിയ കാര്യം ആ പെനാൽറ്റി ഗോളിന് ശേഷം കളിയൊന്നും നടന്നിട്ടില്ലെന്നതാണ്. വളരെ കുറച്ച് സമയം മാത്രമേ കളി നടന്നുള്ളൂ, നടന്നപ്പോഴെല്ലാം അത് തടസപ്പെടുകയും ചെയ്‌തു.”

“ചിലപ്പോൾ കാര്യങ്ങൾ ഞങ്ങളുടെ വഴിയിലൂടെ പോകും, എന്നാൽ ഇന്ന് അത് ഞങ്ങളുടെ വഴിക്കായിരുന്നില്ല. ഇപ്പോൾ തല താഴ്ത്തി ഇനിയും മുന്നോട്ടു പോവുക. സാഹചര്യങ്ങൾ കലക്കിലെടുക്കുമ്പോൾ ഞങ്ങളൊരു മികച്ച മത്സരം കളിച്ചുവെന്നാണ് ഞാൻ കരുതുന്നത്. എല്ലാ സമയത്തും ഞങ്ങൾ മുന്നിൽ നിന്നു, മത്സരം വിജയിക്കാനും സാധ്യത ഉണ്ടായിരുന്നു.” അർജന്റീന പരിശീലകൻ പറഞ്ഞു.

മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും അർജന്റീന തന്നെയാണ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അവസാനം കളിച്ച അറുപത്തിനാല് മത്സരങ്ങളിൽ അർജന്റീന വഴങ്ങുന്ന മൂന്നാമത്തെ തോൽവി മാത്രമാണിത്. സൗദി അറേബ്യ, യുറുഗ്വായ് എന്നീ ടീമുകളും കൊളംബിയയും മാത്രമാണ് അർജന്റീനയെ തോൽപ്പിച്ചിട്ടുള്ളത്.

ArgentinaColombiaLionel Scaloni
Comments (0)
Add Comment