കോപ്പ അമേരിക്ക ടൂർണമെന്റ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംഘാടകരായ കോൺമെബോളിനെതിരെ രൂക്ഷമായ വിമർശനവുമായി യുറുഗ്വായ് പരിശീലകൻ മാഴ്‌സലോ ബിയൽസ. ഒരു പ്രധാന ടൂർണമെന്റ് കൃത്യമായി സംഘടിപ്പിക്കാൻ കഴിയാത്ത കോൺമെബോൾ അതിനെതിരെ ഉയരുന്ന വിമർശനങ്ങളെ അടിച്ചമർത്തിയെന്നാണ് അദ്ദേഹം പറയുന്നത്.
കോപ്പ അമേരിക്ക ടൂർണമെന്റ് സംഘാടനത്തിനെതിരെ തുടക്കത്തിൽ തന്നെ വിമർശനങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ അർജന്റീന, ബ്രസീൽ ടീമിന്റെ താരങ്ങൾ മൈതാനത്തിനെതിരെ പരാതികൾ ഉന്നയിച്ചിരുന്നു. അതിനു പുറമെ സ്‌കലോണിയും ഇത് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പിന്നീട് ഇതേക്കുറിച്ച് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നില്ല.
With English subtitles….
🎥 @JimenaJuani pic.twitter.com/IQckBKEeZT https://t.co/3iTuSmBbA3
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 12, 2024
കോൺമെബോൾ പരിശീലകരെയും താരങ്ങളെയും ഭീഷണിപ്പെടുത്തിയാണ് എതിർസ്വരങ്ങളെ ഇല്ലാതാക്കിയത് എന്നാണു ബിയൽസ പറയുന്നത്. “നിങ്ങൾ സ്റ്റേഡിയത്തിന്റെ സാഹചര്യത്തെക്കുറിച്ച് ഒരിക്കൽക്കൂടി പറഞ്ഞാൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുമെന്നാണ് കോൺമെബോൾ സ്‌കലോണിയോട് പറഞ്ഞത്. കളിക്കാരോടും ഇതു തന്നെയാണ് പറഞ്ഞത്. അവർ ഭീഷണി തന്നെയാണ് നടത്തിയത്.”
കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത് അമേരിക്കയിലെ സ്റ്റേഡിയങ്ങളിലാണ്. അമേരിക്കൻ ഫുട്ബോളായ റഗ്ബി നടക്കുന്ന സ്റ്റേഡിയങ്ങളാണ് പലതും എന്നതിനാൽ ആർട്ടിഫിഷ്യൽ ടർഫാണ് ഇവയിലുള്ളത്. മത്സരങ്ങളുടെ സമയത്ത് ഇവക്കു മുകളിൽ പുല്ലു വിരിക്കുകയാണ് ചെയ്യുന്നത്. ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പരിശീലകരും താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.
എന്തായാലും ഈ വിമർശനങ്ങളെ ഭീഷണിയുടെ രൂപത്തിലാണ് കോൺമെബോൾ നേരിട്ടതെന്ന് ബിയൽസയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നു. ഇതിനു പുറമെ സ്റ്റേഡിയത്തിൽ മതിയായ സുരക്ഷ നൽകാനും സംഘാടകർക്ക് കഴിഞ്ഞില്ലെന്നും യുറുഗ്വായ് താരങ്ങളുടെ കുടുംബങ്ങൾ ആരാധകർ ശല്യപ്പെടുത്തിയത് ഇക്കാരണം കൊണ്ടാണെന്നും ബിയൽസ പറഞ്ഞു.