അർജന്റീന താരങ്ങൾ വാക്കു പറഞ്ഞാൽ അത് ചെയ്‌തിരിക്കും, ലോകകപ്പിലെ നിരാശക്കു പകരം വീട്ടി ലൗടാരോ മാർട്ടിനസ്

ഖത്തർ ലോകകപ്പ് അർജന്റീന നേടിയെങ്കിലും ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസ് വിമർശനം ഏറ്റു വാങ്ങിയിരുന്നു. ടൂർണമെന്റിൽ മോശം പ്രകടനം നടത്തിയ താരം അനായാസമായ അവസരങ്ങൾ വരെ തുലച്ചു കളയുന്നത് അവിശ്വസനീയതോടെയാണ് ആരാധകർ കണ്ടത്. പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നത് തന്റെ പ്രകടനത്തെ ബാധിച്ചുവെന്ന് ലൗടാരോ മാർട്ടിനസ് പറഞ്ഞിരുന്നു.

ഇത്തവണ കോപ്പ അമേരിക്ക ടൂർണമെന്റിന് വരുമ്പോൾ ലോകകപ്പിലെ നിരാശ മാറ്റണമെന്ന ലക്ഷ്യമാണ് ലൗടാരോ മാർട്ടിനസിനു മുന്നിൽ ഉണ്ടായിരുന്നത്. താരം തന്നെ അത് പലപ്പോഴും വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. കോപ്പ അമേരിക്ക അവസാനിച്ചപ്പോൾ ഫൈനലിൽ നേടിയ വിജയഗോളുൾപ്പെടെ അഞ്ചു തവണ വല കുലുക്കി ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ ലൗടാരോ മാർട്ടിനസിനു കഴിഞ്ഞു.

ലോകകപ്പിന്റെ നിരാശ കോപ്പ അമേരിക്കയിൽ മാറ്റണമെന്നു പറഞ്ഞ ലൗടാരോ അത് അക്ഷരാർത്ഥത്തിൽ ചെയ്‌തു കാണിച്ചു. അതു മാത്രമല്ല, കോപ്പ അമേരിക്കയിൽ ആറു മത്സരങ്ങൾ കളിച്ച താരം അതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ബാക്കി മത്സരങ്ങളിലെല്ലാം പകരക്കാരനായി ഇറങ്ങിയാണ് ലൗടാരോ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.

കാനഡ, ചിലി എന്നീ ടീമുകൾക്കെതിരെ പകരക്കാരനായിറങ്ങി ഓരോ ഗോൾ വീതം നേടിയ ലൗടാരോ മാർട്ടിനസ് പെറുവിനെതിരെ ആദ്യ ഇലവനിലിറങ്ങി രണ്ടു ഗോളുകളും നേടിയിരുന്നു. ഇക്വഡോറിനെതിരെ ആദ്യ ഇലവനിലും കാനഡക്കെതിരെ പകരക്കാരനായും ഇറങ്ങിയ ഇന്റർ മിലാൻ താരത്തിന് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ഫൈനലിൽ വിജയഗോൾ നേടി ആ ക്ഷീണം ലൗടാരോ മാറ്റി.

ലോകകപ്പിൽ ടോപ് സ്‌കോറർ സ്ഥാനം ലഭിക്കുമെന്ന് പലരും പ്രവചിച്ചിരുന്ന താരമാണ് ലൗടാരോ മാർട്ടിനസ്. അതിനു കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം നടന്ന കോപ്പ അമേരിക്കയിൽ ആ പുരസ്‌കാരം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. രണ്ടു വർഷത്തിനപ്പുറം ലോകകപ്പ് നടക്കാനിരിക്കെ അർജന്റീന ടീമിന്റെ പ്രധാന സ്‌ട്രൈക്കറാകാൻ താനുണ്ടാകുമെന്ന് ലൗടാരോ തെളിയിച്ചു കഴിഞ്ഞു.

ArgentinaCopa America 2024Lautaro Martinez
Comments (0)
Add Comment