മുപ്പത്തിയൊമ്പതാം വയസിലും ക്രിസ്റ്റ്യാനോ റൊണാൾഡോ സൃഷ്‌ടിക്കുന്ന അത്ഭുതങ്ങൾക്ക് യാതൊരു കുറവുമില്ല. സൗദി അറേബ്യൻ ലീഗിൽ മിന്നുന്ന പ്രകടനം നടത്തുന്ന പോർച്ചുഗീസ് താരം കഴിഞ്ഞ ദിവസം നേടിയ ഗോളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നത്. അസാധ്യമായ ഒരു ആംഗിളിൽ നിന്നും അവിശ്വസനീയമായ രീതിയിലാണ് റൊണാൾഡോ കഴിഞ്ഞ ദിവസം ഗോൾ കുറിച്ചത്.
കിങ്‌സ് കപ്പിന്റെ സെമി ഫൈനലിൽ അൽ നസ്‌റും അൽ ഖലീജ്ഉം തമ്മിലാണ് ഇന്നലെ മത്സരം നടന്നത്. അൽ നസ്ർ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ച് ഫൈനലിലേക്ക് മുന്നേറിയ മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയത് റൊണാൾഡോ ആയിരുന്നു. അതിൽ തന്നെ താരം നേടിയ ആദ്യത്തെ ഗോളാണ് ആരാധകരുടെ ഇടയിൽ ചർച്ചയായി മാറുന്നത്.
CRISTIANO RONALDO WHAT A GOAL
THE GREATEST OF ALL TIME
— Janty (@CFC_Janty) May 1, 2024
ഗോൾ പോസ്റ്റിൽ നിന്നും മാറി ഒരു ബാക്ക് പാസ് സ്വീകരിച്ച അൽ നസ്ർ ഗോൾകീപ്പർ അത് ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും അത് ഒരു അൽ നസ്ർ താരത്തിന്റെ ദേശത്തു തട്ടി തെറിച്ചു. തന്റെ തലക്കു മുകളിലൂടെ പോയി ബോക്‌സിന്റെ മൂലയിൽ വീണ പന്തിനടുത്തേക്ക് തിരിഞ്ഞോടിയെത്തിയ റൊണാൾഡോ അസാധ്യമായ ഒരു ആംഗിളിൽ ഒരു ഹാഫ് വോളി ഷോട്ടിൽ അത് വലയിലേക്ക് എത്തിക്കുകയായിരുന്നു.
This Cristiano Ronaldo goal is actually insane. On his left foot as well. pic.twitter.com/AsVJhGBrcJ
— Xav Salazar (@XavsFutbol) May 1, 2024
റൊണാൾഡോ നേടിയ മികച്ച ഗോളുകളിൽ ഒന്നാണിതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മറ്റു പല താരങ്ങളും മുപ്പത്തിയഞ്ചാം വയസിലും മറ്റും വിരമിക്കുമ്പോൾ റൊണാൾഡോ മൈതാനത്ത് അത്ഭുതങ്ങൾ സൃഷ്‌ടിച്ചു കൊണ്ടേയിരിക്കുകയാണ്. താരത്തിന്റെ മനസിനെയും ശരീരത്തിനെയും പ്രായം ബാധിച്ചിട്ടില്ലെന്ന് ഇതുപോലെയുള്ള ഗോളുകളിൽ നിന്നും വ്യക്തമാണ്.
മത്സരത്തിൽ ഒരു പെനാൽറ്റി ലഭിച്ചപ്പോൾ അത് സാഡിയോ മാനെക്ക് റൊണാൾഡോ നൽകിയിരുന്നു. ടീമിന്റെ രണ്ടാമത്തെ ഗോൾ സെനഗൽ താരം കുറിച്ചപ്പോൾ മൂന്നാമത്തെ ഗോൾ റൊണാൾഡോയാണ് നേടിയത്. അൽ നസ്ർ ഫൈനലിൽ എത്തിയതോടെ ടീമിനൊപ്പം ആദ്യമായി ഒരു പ്രധാനപ്പെട്ട കിരീടം നേടാനുള്ള അവസരം കൂടിയാണ് റൊണാൾഡോക്ക് ലഭിച്ചിരിക്കുന്നത്.
Cristiano Ronaldo Superb Goal Against Al Khaleej