സൗദി അറേബ്യയിൽ വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം അൽ ഷബാബിനെതിരെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളാണ് അൽ നസ്റിന് വിജയം നേടിക്കൊടുത്തത്. രണ്ടു ഗോളിന് പിന്നിൽ നിന്നതിനു ശേഷം മൂന്നു ഗോൾ നേടി അൽ നസ്ർ തിരിച്ചുവരവ് നടത്തി മത്സരത്തിൽ വിജയം നേടിയതോടെ ലീഗിൽ രണ്ടു മത്സരം ബാക്കി നിൽക്കെ കിരീടപ്രതീക്ഷകളും സജീവമാക്കി നിലനിർത്തിയിട്ടുണ്ട്.
മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനുട്ടിൽ അർജന്റീന താരമായ എവർ ബനേഗ നേടിയെടുത്ത പെനാൽറ്റി ഗോളാക്കി മാറ്റി മറ്റൊരു അർജന്റീന താരം ക്രിസ്റ്റ്യാനോ ഗുവാങ്ക അൽ ഷബാബിനെ മിന്നിലെത്തിച്ചു. അതിനു ശേഷം നാല്പതാം മിനുട്ടിൽ ക്രിസ്റ്റ്യൻ ഗുവാങ്ക തന്നെ വീണ്ടും വലകുലുക്കി ടീമിന്റെ ലീഡുയർത്തി. അതിനു ശേഷം സീസണിൽ അൽ നസ്റിന്റെ ടോപ് സ്കോററായ ബ്രസീലിയൻ താരം ടാലിസ്ക നേടിയ ഗോളിലാണ് അൽ നസ്റിന്റെ തിരിച്ചുവരവ് ആരംഭിക്കുന്നത്.
No Man United attacker is scoring this goal like Cristiano Ronaldo just did, NO ONE pic.twitter.com/mX3FTEcxUW
— Murtaza (@MurtazaBall) May 23, 2023
രണ്ടാംപകുതി ആരംഭിച്ച് പതിനഞ്ചു മിനിറ്റിനകം അൽ നസ്ർ മുന്നിലെത്തി. അബ്ദുൽ റഹ്മാൻ ഗരീബ് ടീമിന്റെ രണ്ടാമത്തെ ഗോൾ നേടിയപ്പോൾ അമ്പത്തിയൊമ്പതാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ബ്രസീലിയൻ താരം ഗുസ്താവോയുടെ അസിസ്റ്റിൽ ടീമിനെ മുന്നിലെത്തിച്ചു. പാസ് സ്വീകരിച്ച് ഒരൊറ്റ ടച്ചിൽ രണ്ടു പ്രതിരോധ താരങ്ങളെ മറികടന്ന് മുന്നേറി ബോക്സിനു പുറത്തു നിന്നുമുള്ള തകർപ്പൻ ഷോട്ടിലൂടെയാണ് റൊണാൾഡോ ഗോൾ നേടിയത്.
മുപ്പത്തിയെട്ടാം വയസിലും തന്റെ ഗോളടിമികവിനു യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് റൊണാൾഡോ തെളിയിച്ചു. സൗദി ലീഗിലെ ടോപ് സ്കോറർ നേടിയത് ഇരുപതു ഗോളാണെന്നിരിക്കെ ജനുവരിയിൽ ടീമിലെത്തിയ റൊണാൾഡോ 14 ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട്. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള അൽ ഇത്തിഹാദിനു തൊട്ടു പിന്നിലാണ് അൽ നസ്ർ. ഇത്തിഹാദ് ഒരു മത്സരത്തിൽ തോൽക്കുകയും അൽ നസ്ർ എല്ലാ മത്സരവും വിജയിക്കുകയും ചെയ്താൽ സൗദി ലീഗ് റൊണാൾഡോക്ക് സ്വന്തമാകും.
Cristiano Ronaldo Stunning Goal Helps Al Nassr To Win Against Al Shabab