ടാപ് ഇൻ അവസരങ്ങൾ പോലും ഗോളാക്കാൻ കഴിയാതെ റൊണാൾഡോ, തുലച്ചത് രണ്ടു സുവർണാവസരങ്ങൾ | Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് സമ്മിശ്രമായ പ്രകടനം നടത്തിയ ഒരു മത്സരമായിരുന്നു കഴിഞ്ഞ ദിവസം സൗദി പ്രൊ ലീഗിൽ അൽ ഹിലാലുമായി നടന്നത്. അൽ ഹിലാൽ നേരത്തെ തന്നെ സൗദി പ്രൊ ലീഗ് കിരീടം നേടിയതിനാൽ മത്സരം അപ്രധാനമായിരുന്നു. അൽ നസ്‌റിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ റൊണാൾഡോ പങ്കാളിയായ ഗോളിൽ അൽ നസ്ർ മുന്നിലെത്തിയിരുന്നു. റൊണാൾഡോ നൽകിയ അസിസ്റ്റിൽ നിന്നും പോർച്ചുഗൽ സഹതാരമായ ഒട്ടാവിയോയാണ് അൽ നസ്‌റിനെ മുന്നിലെത്തിച്ചത്. അതിനു ശേഷം മത്സരം തൊണ്ണൂറു മിനുട്ട് പിന്നിട്ടതിനു ശേഷം എക്‌സ്ട്രാ ടൈമിന്റെ പത്താം മിനുട്ടിലാണ് അൽ ഹിലാൽ സമനില ഗോൾ നേടിയത്.

മത്സരത്തിൽ ഒരു അസിസ്റ്റ് നൽകിയെങ്കിലും ടീമിന്റെ വിജയം ഉറപ്പിക്കാൻ കഴിയുമായിരുന്ന രണ്ട് അവസരമാണ് റൊണാൾഡോ നഷ്‌ടമാക്കിയത്. ആദ്യത്തെ അവസരം ഇരുപത്തിയേഴാം മിനുട്ടിലായിരുന്നു. വലതു വിങ്ങിൽ നിന്നും താരത്തിന്റെ കാലിലേക്ക് കൃത്യതയോടെ ഒരു ക്രോസ് വന്നപ്പോൾ ഗോൾകീപ്പർ മാത്രമാണ് മുന്നിൽ ഉണ്ടായത്. എന്നാൽ ആ ക്രോസ് കണക്റ്റ് ചെയ്യാൻ റൊണാൾഡോക്ക് കഴിഞ്ഞില്ല.

മറ്റൊരു അവസരം പിറന്നത് എൺപതാം മിനുട്ടിലായിരുന്നു. ഒരു പ്രത്യാക്രമണത്തിനു ശേഷം ബോക്‌സിലേക്ക് വന്ന ക്രോസ് കാലിൽ ഒതുക്കുമ്പോൾ റൊണാൾഡോക്ക് മുന്നിൽ ഗോൾകീപ്പർ മാത്രമാണ് ഉണ്ടായിരുന്നത്. പന്ത് കൺട്രോൾ ചെയ്യുന്നതിൽ ഒന്ന് പാളിയെങ്കിലും അത് കൃത്യമായി റൊണാൾഡോ ഷോട്ടുതിർത്തു. എന്നാൽ അവിശ്വസനീയമായ രീതിയിൽ അത് ഗോൾകീപ്പർ രക്ഷപ്പെടുത്തി.

മത്സരത്തിലുടനീളം മെസി ചാന്റുകൾ റൊണാൾഡൊക്കെതിരെ എതിരാളികൾ മുഴക്കിയിരുന്നു. ഇന്നലത്തെ മത്സരത്തിലെ അസിസ്റ്റോടെ സൗദി പ്രൊ ലീഗിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോൾ പങ്കാളിത്തമെന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കിയിരുന്നു. എന്നാൽ സൗദി അറേബ്യയിൽ ഇതുവരെ ഒരു പ്രധാന കിരീടം പോലും റൊണാൾഡോക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.

Cristiano Ronaldo Miss Chances Against Al Hilal

Al HilalAl NassrCristiano Ronaldo
Comments (0)
Add Comment