സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയതിനു ശേഷം ഏതാനും മത്സരങ്ങളിൽ അത്ര മികച്ച പ്രകടനം നടത്താൻ കഴിയാത്തതിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അൽ വഹ്ദക്കെതിരെ നടന്ന മത്സരത്തിൽ തന്റെ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് റൊണാൾഡോ നടത്തിയത്. അൽ നസ്ർ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ടീമിന്റെ മുഴുവൻ ഗോളുകളും റൊണാൾഡോയുടെ വകയായിരുന്നു.
ഇരുപത്തിയൊന്നാം മിനുട്ടിലാണ് റൊണാൾഡോയുടെ ആദ്യത്തെ ഗോൾ പിറക്കുന്നത്. അബ്ദുൽറഹ്‌മാൻ ഖരീബിനു പന്ത് നൽകിയതിന് ശേഷം ബോക്‌സിലേക്ക് നീങ്ങിയ താരം അത് തിരികെ വാങ്ങി ഒരു ഇടംകാൽ ഷോട്ട് കൊണ്ട് ഗോൾകീപ്പറെ കീഴടക്കി പോസ്റ്റിന്റെ അരികിലൂടെ അത് വലയിലെത്തിച്ചു. ആദ്യപകുതിക്ക് മുൻപ് റൊണാൾഡോ ലീഡുയർത്തി. വലതു വിങ്ങിലൂടെ മുന്നേറിയ റൊണാൾഡോ സമി അൽ നജയ് നൽകിയ പാസ് സ്വീകരിച്ച് ബോക്‌സിനുള്ളിൽ നിന്നുള്ള ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയാരംഭിച്ച് എട്ടു മിനിറ്റിനകം തന്നെ റൊണാൾഡോ അടുത്ത ഗോളും നേടി. ആദ്യഗോളിന് അവസരമൊരുക്കിയ ഗരീബിനെ ബോക്‌സിൽ വീഴ്ത്തിയപ്പോൾ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാൾഡോ മൂന്നാം ഗോൾ നേടിയത്. എട്ടു മിനുട്ടിനകൾ തന്നെ മറ്റൊരു ഗോൾ കൂടി റൊണാൾഡോ തന്റെ പേരിലാക്കി. സഹതാരത്തിൽ നിന്നും പന്ത് സ്വീകരിച്ച് റൊണാൾഡോ ഉതിർത്ത ഷോട്ട് ഗോൾകീപ്പർ തടഞ്ഞെങ്കിലും റീബൗണ്ടിൽ താരം അത് ഗോളാക്കി മാറ്റി.
All four of Ronaldo's goals for Al Nassr today 🤩 pic.twitter.com/xqSgJ8XTSj
— ESPN FC (@ESPNFC) February 9, 2023
സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയതിനു ശേഷം അവിടുത്തെ ശൈലിയുമായി പൊരുത്തപ്പെടാൻ വൈകിയതാണ് റൊണാൾഡോയുടെ ഫോം മങ്ങാൻ കാരണം. എന്നാൽ ഓരോ മത്സരം കഴിയുന്തോറും ടീമുമായി കൂടുതൽ ഒത്തിണക്കം കാണിച്ച് തുടങ്ങിയിരുന്ന റൊണാൾഡോ തന്റെ ഗോൾവേട്ട ശരിക്കും തുടങ്ങിയത് ഈ മത്സരത്തിലാണ്. ഇത് താരത്തിന് കൂടുതൽ ആത്മവിശ്വാസം നേടാനും സഹായിക്കും. മത്സരം വിജയിച്ചതോടെ അൽ നസ്ർ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ അൽ വഹ്ദ പതിമൂന്നാം സ്ഥാനത്താണ്.