വിമർശനങ്ങൾ ഉയർന്നു വരുമ്പോൾ കൂടുതൽ മികച്ച പ്രകടനം നടത്തുന്ന റൊണാൾഡോയെയാണ് കരിയറിൽ ഉടനീളം കണ്ടിട്ടുള്ളത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കാര്യങ്ങൾ വ്യത്യസ്‌തമല്ല. അൽ നസ്റിന് സൗദി പ്രൊ ലീഗ് കിരീടപ്രതീക്ഷ നഷ്‌ടമായതും സ്ലോവേനിയക്കെതിരെ നടന്ന സൗഹൃദമത്സരത്തിൽ പോർച്ചുഗൽ തോൽവി വഴങ്ങിയതുമെല്ലാം ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളായി തനിക്കെതിരെയുള്ള വിമർശനങ്ങളെ ഊർജ്ജമാക്കി മാറ്റുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് കളിക്കളത്തിൽ കാണാൻ കഴിയുന്നത്. അൽ ടായ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഹാട്രിക്ക് നേടിയ റൊണാൾഡോ കഴിഞ്ഞ ദിവസം അഭക്കെതിരെ നടന്ന ലീഗ് മത്സരത്തിലും ഹാട്രിക്ക് ആവർത്തിച്ചു. ഒരു ഗോളിന് വഴിയൊരുക്കിയതും റൊണാൾഡോ ആയിരുന്നു.
Cristiano Ronaldo vs Abha
Highlights 🍷🐐pic.twitter.com/JoJ0WOkS7U
— CristianoXtra (@CristianoXtra_) April 2, 2024
അഭക്കെതിരെ ആദ്യപകുതിയിൽ തന്നെ അൽ നസ്ർ അഞ്ചു ഗോളുകൾ നേടിയപ്പോൾ അതിൽ അഞ്ചെണ്ണത്തിലും റൊണാൾഡോക്ക് പങ്കുണ്ടായിരുന്നു. പതിനൊന്നാം മിനുട്ടിലും ഇരുപത്തിയൊന്നാം മിനുട്ടിലും തകർപ്പൻ ഫ്രീകിക്കുകളിലൂടെ ഗോൾ സ്വന്തമാക്കിയ താരത്തിന്റെ ക്രോസ് ഗോൾകീപ്പറുടെ കയ്യിൽ തട്ടി വന്നതിൽ നിന്നാണ് സാഡിയോ മാനെ മൂന്നാമത്തെ ഗോൾ നേടുന്നത്.
അതിനു ശേഷം നാൽപത്തിരണ്ടാം മിനുട്ടിൽ മനോഹരമായൊരു ചിപ്പിങ് ഗോൾ നേടിയ താരം നാല്പത്തിനാലാം മിനുട്ടിൽ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. ആദ്യപകുതിയിൽ തന്നെ ടീമിനെ അഞ്ചു ഗോളുകൾക്ക് മുന്നിലെത്തിച്ചതിനാൽ രണ്ടാം പകുതിയിൽ റൊണാൾഡോ ഇറങ്ങിയിരുന്നില്ല. അതല്ലെങ്കിൽ മത്സരത്തിൽ നിരവധി ഗോളുകൾ താരം ഇനിയും സ്വന്തമാക്കുമെന്നുറപ്പായിരുന്നു.
ഇന്നലത്തെ മത്സരത്തിലും ഹാട്രിക്ക് നേടിയതോടെ കരിയറിൽ അറുപത്തിയഞ്ച് ഹാട്രിക്കുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ സൗദി പ്രൊ ലീഗിൽ അൽ നസ്റിന് കിരീടപ്രതീക്ഷ ഇല്ലെങ്കിലും ലീഗിലെ ടോപ് സ്‌കോറർ റൊണാൾഡോയാണ്. 29 ഗോളുകൾ നേടിയ താരത്തിന് പിന്നിൽ 22 ഗോളുകൾ നേടിയ അൽ ഹിലാലിന്റെ മിട്രോവിച്ചാണ് നിൽക്കുന്നത്.
Cristiano Ronaldo Scored Hattrick Against Abha