ഖത്തർ ലോകകപ്പ് സമയത്തു തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സൗദി ക്ലബായ അൽ നാസറിനെയും ചേർത്ത് നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ റൊണാൾഡോ തന്നെ ഇത് നിഷേധിച്ച് രംഗത്തു വന്നതോടെ അഭ്യൂഹങ്ങൾ തണുത്തു. ലോകകപ്പിന്റെ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ തോൽവി നേരിട്ടതിനു പിന്നാലെ റൊണാൾഡോ റയൽ മാഡ്രിഡിനെ ട്രെയിനിങ് ഗ്രൗണ്ടിൽ പരിശീലനത്തിനായി എത്തിയതോടെ താരം ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും യൂറോപ്യൻ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ശ്രമമാകും നടത്തുക എന്ന രീതിയിലേക്കാണ് പിന്നീട് അഭ്യൂഹങ്ങൾ ഉയർന്നത്.
അതേസമയം സൗദി ക്ലബിനെയും റൊണാൾഡോയെയും ചേർത്തുള്ള അഭ്യൂഹങ്ങൾ ശരിയാവുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ മെഡിക്കൽ പരിശോധനകൾക്കായുള്ള ദിവസം സൗദി അറേബ്യൻ ക്ലബായ അൽ നാസർ ബുക്ക് ചെയ്തു കഴിഞ്ഞു. താരവുമായി ട്രാൻസ്ഫർ ചർച്ചകൾ നടത്തുന്നുണ്ടെന്ന് സൗദി ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടർ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്തു. റൊണാൾഡോ സമ്മതം മൂളിയാൽ താരത്തിന്റെ യൂറോപ്യൻ കരിയറിന് അതോടെ അവസാനമാകും.
Al Nassr have scheduled medicals for Cristiano Ronaldo ahead of a $75million-a-year transfer pic.twitter.com/PWZIs2Y8Z1
— Naija (@Naija_PR) December 26, 2022
ഫുട്ബോൾ ലോകത്ത് ഒരു താരത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയുടെ കരാറാണ് അൽ നാസറുമായി റൊണാൾഡോ ഒപ്പിടാൻ പോകുന്നത്. ഇതുപ്രകാരം ഒരു വർഷത്തിൽ താരത്തിന് അറുപത്തിരണ്ടു മില്യൺ പൗണ്ട് പ്രതിഫലമായി മാത്രം ലഭിക്കും. ലയണൽ മെസി, എംബാപ്പെ എന്നിവരേക്കാൾ കൂടുതലാണിത്. ഇതിനു പുറമെ ഇമേജ് അവകാശം, മറ്റ് സ്പോൺസർഷിപ്പ് ഡീലുകൾ എന്നിവയുൾപ്പെടെ 173 മില്യൺ പൗണ്ടാണ് റൊണാൾഡോ സമ്പാദിക്കുക. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ രണ്ടായിരം കോടി രൂപയോളം വരും ഇത്. മുപ്പത്തിയെട്ടാം വയസിലാണ് റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ പ്രതിഫലം വാങ്ങാൻ പോകുന്നത്.
പ്രതിഫലത്തിന് പുറമെയും പല വാഗ്ദാനങ്ങൾ സൗദി അറേബ്യൻ ക്ലബ് നടത്തിയിട്ടുണ്ട്. പ്ലേയിങ് കരിയർ അവസാനിപ്പിച്ചു കഴിഞ്ഞാൽ അൽ നാസർ ക്ലബിന്റെ പരിശീലകനായി റൊണാൾഡോക്ക് തുടരാൻ കഴിയും. നിലവിൽ ലില്ലെ, റോമ, മാഴ്സെ എന്നീ യൂറോപ്യൻ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള റൂഡി ഗാർഷ്യയാണ് അൽ നാസറിന്റെ പരിശീലകൻ. ഇതിനു പുറമെ 2030ലെ ലോകകപ്പ് ഗ്രീസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ചേർന്നു നടത്താൻ ശ്രമിക്കുന്ന സൗദി അറേബ്യ അതിനു വേണ്ടി റൊണാൾഡോയെ അംബാസിഡറാക്കാനും ശ്രമിക്കുന്നുണ്ട്.
‼️ Al Nassr sporting director Marcelo Salazar on Ronaldo:
"We will wait for things to unfold until the end of the year. It is a negotiation of huge magnitude, not only for the club but for the country and world football, which has to be conducted by higher bodies." pic.twitter.com/JZlx0Rup0J
— CR7 Portugal (@CR7_PORFC) December 25, 2022
ഈ സീസണിൽ മോശം ഫോമിലാണ് റൊണാൾഡോ കളിച്ചിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിലും പോർച്ചുഗൽ ടീമിലും തിളങ്ങാൻ കഴിയാതെ പോയ താരം പകരക്കാരനായി മാറി. ലയണൽ മെസി ലോകകപ്പ് നേടുകയും ചെയ്തതോടെ എക്കാലത്തെയും മികച്ച താരമെന്ന മത്സരത്തിൽ റൊണാൾഡോ ചിത്രത്തിൽ ഇല്ലാതാവുകയും ചെയ്തു. ചാമ്പ്യൻസ് ലീഗ് ക്ലബുകളൊന്നും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചില്ലെങ്കിലും ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി മാറാൻ കഴിയുന്ന ഓഫർ റൊണാൾഡോയുടെ മുന്നിലുണ്ടെന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്.