ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദപൂർണമായ സംഭവമാണ് ബെംഗളൂരുവും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന പ്ലേ ഓഫ് മത്സരത്തിനിടെ ഉണ്ടായത്. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറെടുക്കും മുൻപേ സുനിൽ ഛേത്രി ഫ്രീകിക്ക് എടുത്തു നേടിയ ഗോൾ റഫറിയായ ക്രിസ്റ്റൽ ജോൺ അനുവദിക്കുകയും അതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളിക്കളം വിട്ടു പോവുകയും ചെയ്തു.
ഈ സംഭവം വലിയ വിവാദങ്ങളാണ് ഇന്ത്യൻ ഫുട്ബോളിൽ സൃഷ്ടിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് എടുത്ത തീരുമാനത്തെ പലരും വിമർശിച്ചെങ്കിലും അതിനൊപ്പം തന്നെ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ്ങിനെതിരെയും പലരും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയുണ്ടായി. ഫൈനലിലും റഫയിങ് പിഴവ് ആവർത്തിച്ചതോടെ പ്രതിഷേധം ശക്തമാവുകയും അടുത്ത സീസണിൽ വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടുവരണമെന്നു എഐഎഫ്എഫ് തീരുമാനിക്കുകയും ചെയ്തു.
Crystal John will not be part of the refereeing team for the Hero Super Cup in Kerala, per @MarcusMergulhao pic.twitter.com/ZpgUvO3KUR
— 90ndstoppage (@90ndstoppage) April 5, 2023
എന്തായാലും ബെംഗളൂരുവിനെതിരായ മത്സരത്തിലെ വിവാദമായ തീരുമാനം എടുത്ത റഫറിക്കെതിരെയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടപടി എടുത്തുവെന്നു വേണം കരുതാൻ. ഏതാനും ദിവസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന സൂപ്പർകപ്പ് റഫറിയിങ് പാനലിൽ നിന്നും ക്രിസ്റ്റൽ ജോൺ പുറത്തായിട്ടുണ്ട്. കേരളത്തിൽ വെച്ച് നടക്കുന്ന സൂപ്പർകപ്പിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമായി ഉയരുമെന്നതും ഒഴിവാക്കാൻ കാരണമായിരിക്കാം.
സംഭവത്തിൽ റഫറി എടുത്തത് തെറ്റായ തീരുമാണെങ്കിലും നടപടിയൊന്നും എഐഎഫ്എഫ് സ്വീകരിച്ചിരുന്നില്ല. അതേസമയം കേരള ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാൻ വുകോമനോവിച്ചിനുമെതിരെ അവർ നടപടി എടുത്തിരുന്നു. ഇവാൻ വുകോമനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ചു ലക്ഷം പിഴയും വിധിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപയാണ് പിഴയായി വിധിച്ചത്.
അതേസമയം ഏതാനും ദിവസങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർകപ്പ് മത്സരങ്ങൾക്കായി ഇറങ്ങാൻ പോവുകയാണ്. ക്രിസ്റ്റൽ ജോൺ ഇല്ലെങ്കിലും അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയരുമെന്ന കാര്യത്തിൽ തർക്കമില്ല. അതിനു പുറമെ പരിശീലകനും ക്ലബിനുമെതിരെ നടപടിയെടുത്ത എഐഎഫ്എഫിനും ആരാധകരുടെ രോഷം നേരിടേണ്ടി വരുമെന്നുറപ്പാണ്.
Content Highlights: Crystal John Won’t Officiate Any Match In Super Cup