“നിങ്ങൾ നോർമലല്ല, എന്തൊരു കളിയാണ് ചങ്ങാതീ”- അർജന്റീന താരത്തെ പ്രശംസ കൊണ്ടു മൂടി സഹതാരങ്ങൾ

കോപ്പ അമേരിക്ക ടൂർണമെന്റിൽ ചിലിക്കെതിരെ അർജന്റീന പൊരുതിയാണ് വിജയം നേടിയത്. മത്സരത്തിൽ കടുത്ത പ്രതിരോധത്തിലേക്ക് വലിഞ്ഞ ചിലി അർജന്റീനയുടെ മുന്നേറ്റങ്ങളെ സമർത്ഥമായി തടുത്തു നിർത്തിയിരുന്നു. നാല്പത്തിയൊന്നുകാരനായ ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോയുടെ തകർപ്പൻ സേവുകൾ കൂടിയായപ്പോൾ ഗോൾ നേടാൻ അർജന്റീനക്ക് എൺപത്തിയെട്ടു മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു.

മത്സരത്തിൽ ചിലിയുടെ പ്രത്യാക്രമണങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർക്ക് ആകെ മൂന്നു ഷോട്ടുകൾ മാത്രമാണ് ഉതിർക്കാൻ കഴിഞ്ഞത്. അർജന്റീന പ്രതിരോധത്തിന്റെ മികച്ച പ്രകടനം തന്നെയാണ് കൂടുതൽ ഷോട്ടുകൾ ഉതിർക്കുന്നതിൽ നിന്നും അവരെ തടഞ്ഞത്. അതിൽ തന്നെ ക്രിസ്റ്റ്യൻ റൊമേരോയുടെ പ്രകടനം വളരെയധികം പ്രശംസ പിടിച്ചു പറ്റുകയുണ്ടായി.

മത്സരത്തിന് ശേഷം ടോട്ടനം ഹോസ്‌പർ താരമിട്ട പോസ്റ്റിൽ നിരവധി അർജന്റീന താരങ്ങളാണ് പ്രശംസയുമായി എത്തിയത്. ‘ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക്’ എന്ന് എമി മാർട്ടിനസ് പറഞ്ഞപ്പോൾ ‘എന്തൊരു കളിയാണ് ബ്രോ’ എന്നാണു ഡി മാറിയ കുറിച്ചത്. ‘നിങ്ങൾ നോർമൽ അല്ല’ എന്ന് മാക് അലിസ്റ്റർ പറഞ്ഞപ്പോൾ ‘നിങ്ങളെ മറികടക്കാൻ കഴിയില്ല’ എന്നാണു ടാഗ്ലിയാഫിക്കോ കുറിച്ചത്.

മത്സരത്തിൽ മൂന്നു ക്ലിയറൻസ് നടത്തിയ റൊമേറോ രണ്ട് ഇന്റർസെപ്ഷനും എട്ടു ടാക്കിളുകളും നടത്തുകയുണ്ടായി. പത്തിൽ എട്ടു ഗ്രൗണ്ട് ഡുവൽസിലും അഞ്ചിൽ നാല് ഏരിയൽ ഡുവൽസിലും വിജയിച്ച റോമെറോ അർജന്റീന പ്രതിരോധത്തെ നയിക്കുന്ന പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ മത്സരത്തിലും താരം മിന്നും പ്രകടനം നടത്തിയിരുന്നു.

ക്രിസ്റ്റ്യൻ റോമെറോ എത്തിയതിനു ശേഷമാണ് അർജന്റീന പ്രതിരോധം ഏറ്റവും ശക്തമായ നിലയിലേക്ക് വന്നതെന്ന് മുൻപ് ലയണൽ മെസി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അർജന്റീനയുടെ ഇപ്പോഴത്തെ കുതിപ്പിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് റൊമേറോയുടെ സാന്നിധ്യമാണെന്നു പറഞ്ഞ മെസിയുടെ വാക്കുകൾ അന്വർത്ഥമാക്കുന്ന പ്രകടനമാണ് താരം നടത്തുന്നത്.

ArgentinaCopa America 2024Cristian Romero
Comments (0)
Add Comment