മുപ്പത്തിയൊമ്പതാം വയസിൽ ബ്രസീൽ ടീമിനായി ചരിത്രം കുറിക്കാൻ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളായ ഡാനി ആൽവസ് ഇറങ്ങുന്നു. ഇന്ന് രാത്രി കാമറൂണിനെതിരെ നടക്കുന്ന മത്സരത്തിൽ താരം കളിക്കാനിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബ്രസീലിനായി കളത്തിലിറങ്ങിയാൽ ടീമിന്റെ നായകനാവുമെന്നുറപ്പുള്ള താരം ഇന്ന് കളിച്ചാൽ ബ്രസീലിന്റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ നായകനായി മാറും. ഒട്ടനവധി വിമർശനങ്ങൾക്കിരയായി ലോകകപ്പ് ടീമിൽ ഇടം നേടിയ ഡാനി ആൽവസ് അർഹിക്കുന്നതു തന്നെയാണ് ഈ നേട്ടം.
കാമറൂണിനെതിരെ ബ്രസീൽ ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പരിശീലകൻ ടിറ്റെ വ്യക്തമാക്കിയിരുന്നു. ചില പ്രധാന താരങ്ങൾ കളിക്കുമെങ്കിലും ചിലർക്ക് വിശ്രമം നൽകുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞത്. ഡാനിലോ പരിക്ക് മൂലം കളിക്കാതിരിക്കുന്ന മത്സരത്തിൽ തിയാഗോ സിൽവക്കും വിശ്രമം നൽകാൻ സാധ്യതയുള്ളതാണ് ഡാനി കളിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഡാനിലോക്ക് പകരം റൈറ്റ്ബാക്കായി കളിച്ച മിലീറ്റാവോ സിൽവക്ക് പകരം സെന്റർ ബാക്കായി കളിക്കുമെന്നതിനാൽ റൈറ്റ്ബാക്കായി ആൽവസ് തന്നെയാവും ഇറങ്ങുക.
കഴിഞ്ഞ സീസൺ ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ചെങ്കിലും ഈ സീസണിൽ മെക്സിക്കൻ ക്ലബായ പ്യൂമസിലാണ് ഡാനി കളിച്ചിരുന്നത്. ലോകകപ്പിന് രണ്ടു മാസം മുൻപ് കളിയവസാനിച്ച താരം പിന്നീട് ബാഴ്സലോണ ബി ടീമിനൊപ്പം ഫിറ്റ്നസ് നിലനിർത്താൻ പരിശീലനം നടത്തിയാണ് സ്ക്വാഡിൽ ഇടം നേടിയത്. പ്രധാന മത്സരങ്ങളിൽ ഇടം നേടാൻ സാധ്യതയില്ലെങ്കിലും സ്ക്വാഡിനെ കെട്ടുറപ്പോടെ നിലനിർത്തുകയും ആത്മവിശ്വാസം നൽകുകയും ചെയ്യുകയെന്ന ഉത്തരവാദിത്വമാണ് ഡാനി ആൽവസിനു കൂടുതലായി നൽകിയിരിക്കുന്നത്.