ലയണൽ മെസി ബാഴ്‌സലോണ വിട്ടതിനു ശേഷം ക്ലബിന് പഴയ ആധിപത്യം പുലർത്താൻ കഴിഞ്ഞിട്ടില്ലെന്ന കാര്യത്തിൽ സംശയമില്ല. സാവി പരിശീലകനായി എത്തിയതോടെ കഴിഞ്ഞ സീസണിൽ കിരീടങ്ങൾ സ്വന്തമാക്കി പ്രതീക്ഷ നൽകിയ ക്ലബ് ഈ സീസണിൽ മോശം ഫോമിലാണ്. സാമ്പത്തിക പ്രതിസന്ധി ക്ലബിന്റെ മോശം ഫോമിന് വലിയൊരു കാരണമാണെന്നതിൽ യാതൊരു സംശയവുമില്ല.
ബാഴ്‌സലോണ മോശം ഫോമിൽ കളിച്ചു കൊണ്ടിരിക്കെ അടുത്ത സീസണിൽ പരിശീലകനായി താനുണ്ടാകില്ലെന്ന് സാവി അറിയിച്ചു കഴിഞ്ഞു. ഈ സീസൺ കഴിയുന്നതോടെ ബാഴ്‌സലോണ പരിശീലകസ്ഥാനം താൻ ഒഴിയുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ അദ്ദേഹത്തെ ബാധിച്ചുവെന്നും അതാണ് ഈ തീരുമാനത്തിന് പിന്നിലെന്നുമാണ് കരുതേണ്ടത്.
Danny Murphy: 🗣️ “I’d give [the FC Barcelona job] to Leo Messi. The fans are on board straight away. Everything he touches turns to gold. He was put on this earth to do amazing things. It’s not going to stop in management.” 🤨 pic.twitter.com/oohZ9OerC1
— GiveMeSport (@GiveMeSport) February 1, 2024
അതേസമയം ബാഴ്‌സലോണയെ പഴയ ബാഴ്‌സലോണയാക്കി തിരിച്ചു കൊണ്ടുവരാൻ ലയണൽ മെസിയെ ക്ലബിന്റെ പരിശീലകനായി നിയമിക്കണമെന്നാണ് മുൻ ഇംഗ്ലണ്ട് താരവും ഫുട്ബോൾ പണ്ഡിറ്റുമായ ഡാനി മർഫി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കളിക്കളത്തിൽ മാന്ത്രികത കാണിച്ച ലയണൽ മെസിക്ക് പരിശീലകനെന്ന നിലയിലും അതിനു കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
“ഞാനായിരുന്നെങ്കിൽ സാവിക്ക് പകരം മെസിയെയാണ് തീരുമാനിക്കുക. അതോടെ ആരാധകർ എല്ലാവരും ക്ലബ്ബിലേക്ക് അതുപോലെ തിരിച്ചുവരും. മെസി തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ്. അവിശ്വസനീയമായ കാര്യങ്ങൾ ചെയ്യുന്നതിനു വേണ്ടിയാണ് മെസി ഭൂമിയിൽ വന്നിരിക്കുന്നത്. പരിശീലകനെന്ന നിലയിലും അതിൽ മാറ്റമുണ്ടാകില്ല.” ഡാനി മർഫി പറഞ്ഞു.
നിലവിൽ ഇന്റർ മിയാമിയിൽ കളിച്ചു കൊണ്ടിരിക്കുന്ന ലയണൽ മെസി സാവിക്ക് പകരക്കാരാനാവില്ലെന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. അതേസമയം താരം എന്നെങ്കിലും പരിശീലകനായി മാറുമോയെന്ന ചോദ്യം ആരാധകരുടെ ഉള്ളിലുണ്ട്. അതേസമയം സാവി സ്ഥാനമൊഴിയുമ്പോൾ ആരാകും അടുത്ത ബാഴ്‌സലോണ പരിശീലകൻ ആവുകയെന്ന കാര്യത്തിൽ വ്യക്തത കുറവാണ്.
Danny Murphy Wants Lionel Messi To Replace Xavi