എല്ലാവരും അർജന്റീനയെ തോൽപ്പിക്കണമെന്ന് ആഗ്രഹിക്കും, കോപ്പ അമേരിക്ക നിലനിർത്താൻ ഒരുങ്ങിയെന്ന് ഡി പോൾ | De Paul

ഒരു മാസത്തിനുള്ളിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ടീം അർജന്റീനയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ലോകകപ്പ് അടക്കം സാധ്യമായ മൂന്നു കിരീടങ്ങളും നേടിയ അർജന്റീന ഇന്റർനാഷണൽ ഫുട്ബോളിൽ നടത്തുന്ന കുതിപ്പ് തന്നെയാണ് കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമാക്കി അവരെ മാറ്റുന്നത്.

ലയണൽ സ്‌കലോണിയെന്ന പരിശീലകന് കീഴിൽ ഇറങ്ങുന്ന അർജന്റീനയിലെ താരങ്ങളെല്ലാം വളരെ ആത്മവിശ്വാസത്തിൽ തന്നെയാണ്. ടൂർണമെന്റിൽ നേരിടാൻ സാധ്യതയുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് അവർക്ക് കൃത്യമായ അറിവുണ്ട്. കഴിഞ്ഞ ദിവസം മധ്യനിര താരമായ റോഡ്രിഗോ ഡി പോൾ നടത്തിയ പ്രതികരണത്തിൽ നിന്നും ഇക്കാര്യം വ്യക്തമാണ്.

“പ്രതീക്ഷകളെല്ലാം വളരെ വലുതാണ്. ഞങ്ങൾ സ്വന്തമാക്കിയ നേട്ടം നിലനിർത്തേണ്ടത് അനിവാര്യമായ കാര്യമാണ്. നിലവിലെ ചാമ്പ്യന്മാരായതിനാൽ തന്നെ എല്ലാ ടീമുകൾക്കും ഞങ്ങളെ തോൽപ്പിക്കാൻ ആഗ്രഹം ഉണ്ടായിരിക്കും. എന്നാൽ ഞങ്ങൾ അതിനെയെല്ലാം നേരിടാൻ തയ്യാറെടുത്തുവെന്ന് വിശ്വസിക്കുന്നു.” കഴിഞ്ഞ ദിവസം ഡി പോൾ പറഞ്ഞു.

“ലാറ്റിൻ അമേരിക്കയിലെയും ലോകത്തേയും ചാമ്പ്യന്മാരാണ് ഞങ്ങളെന്നതും ലിയോ ടീമിലുണ്ടെന്നതും കൂടുതൽ കിരീടസാധ്യത കൽപ്പിക്കാൻ കാരണമായിട്ടുണ്ട്. അതിലൊന്നും കാര്യമില്ല, ഫുട്ബോൾ മനോഹരമായ ഒരു ഗെയിം ആയതിനാൽ തന്നെ സാധ്യതയുള്ള ടീമുകൾ വിജയിക്കുമെന്ന് ഉറപ്പൊന്നുമില്ല. ആദ്യത്തെ തവണയെന്ന പോലെ തയ്യാറെടുക്കുന്ന ഞങ്ങൾ വീണ്ടും സന്തോഷിക്കാൻ ഒരുങ്ങുകയാണ്.” ഡി പോൾ വ്യക്തമാക്കി.

ലോകകപ്പ് നേടിയ ടീമിൽ നിന്നും ചില മാറ്റങ്ങളോടെയാണ് അർജന്റീന കോപ്പ അമേരിക്ക സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ കോൺകാഫ് മേഖലയിൽ നിന്നുള്ള രാജ്യങ്ങളും ഉള്ളതിനാൽ ടൂർണമെന്റ് കൂടുതൽ കടുപ്പമേറിയതായി മാറും. ബ്രസീൽ, യുറുഗ്വായ്, യുഎസ്എ, മെക്‌സിക്കോ തുടങ്ങിയ ടീമുകളാണ് അർജന്റീനക്ക് ഏറ്റവുമധികം വെല്ലുവിളിയുയർത്തുക.

De Paul Thinks Argentina Ready For Copa America

ArgentinaCopa AmericaRodrigo De Paul
Comments (0)
Add Comment