കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്റർനാഷണൽ ഫുട്ബോളിൽ വളരെയധികം ആധിപത്യം സ്ഥാപിച്ചു നിൽക്കുന്ന ടീമാണ് അർജന്റീന. കഴിന്ന അഞ്ചു വർഷത്തിനിടയിൽ വെറും മൂന്നു മത്സരങ്ങളിൽ മാത്രം തോൽവി വഴങ്ങിയ അവർ രണ്ടു കോപ്പ അമേരിക്കയും ഒരു ലോകകപ്പും ഉൾപ്പെടെ സാധ്യമായ നാല് കിരീടങ്ങളും ഇക്കാലയളവിൽ സ്വന്തമാക്കുകയും ചെയ്‌തു.
അർജന്റീനയുടെ ഈ കിരീടനേട്ടങ്ങളിൽ പ്രധാന സാന്നിധ്യമായിരുന്നു മധ്യനിരതാരം റോഡ്രിഗോ ഡി പോൾ. താരത്തിന്റെ കഠിനാധ്വാനവും ആത്മാർത്ഥതയും അർജന്റീനക്ക് കരുത്ത് നൽകുന്നു. എന്നാൽ കഴിഞ്ഞ ദിവസം അർജന്റീന ടീമിലെ പ്രധാന താരമായ ഡി പോളിനെതിരെ രൂക്ഷമായ വിമർശനമാണ് മുൻ ചിലി താരമായ പാട്രിഷിയോ മറഡോണസ് നടത്തിയത്.
“വളരെ മോശമായി ഒരു താരമുണ്ട്, റോഡ്രിഗോ ഡി പോൾ. അർജന്റീനയും ചിലിയും തമ്മിലുള്ള മത്സരം ഞാൻ കണ്ടിരുന്നു. നിങ്ങൾ വളരെ മോശമാണെന്ന് അവനോട് മൈതാനത്തു വെച്ചു തന്നെ പറയണം എന്നാണു ഞാൻ കരുതിയത്. എനിക്ക് വളരെയധികം മുഷിച്ചിൽ തോന്നിപ്പിക്കുന്ന ഒരു താരമാണ് റോഡ്രിഗോ ഡി പോൾ.” പാട്രിഷിയോ മറഡോണസ് പറഞ്ഞു.
“വളരെയധികം പരിമിതിയുള്ള, കഠിനാദ്ധ്വാനം ചെയ്യുന്ന താരമാണ് ഡി പോൾ. ആ പരിമിതികളെ മുഴുവൻ സഹതാരങ്ങളെ വെച്ച് നികത്തുകയാണ് ചെയ്യുന്നത്. നിങ്ങളൊരു മോശം കളിക്കാരനാണെന്നും അർജന്റീന ടീമിൽ നിങ്ങൾ കളിക്കുന്നത് മെസിയുടെ സുഹൃത്തായതു കൊണ്ടാണെന്നും പറയണമെന്നാണ് ഞാൻ കരുതിയത്.” പാട്രിഷിയോ തുറന്നടിച്ചു.
എന്നാൽ അർജന്റീന ആരാധകരെയും ടീമിനെയും സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട താരമാണ് റോഡ്രിഗോ ഡി പോൾ. ലയണൽ മെസിയെ അർജന്റീന ടീമിലെ താരങ്ങളുമായി ചേർത്ത് നിർത്താനും നിലവിലുള്ള ഒത്തിണക്കമുള്ള സ്‌ക്വാഡിനെ സൃഷ്‌ടിക്കാനും റോഡ്രിഗോ ഡി പോൾ നിർണായകമായ പങ്കു വഹിച്ചിരുന്നു.