2022 ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസ് എത്തിയപ്പോൾ ഫ്രാൻസ് താരങ്ങളും പരിശീലകനും ഏറ്റവുമധികം കേട്ട ചോദ്യം ലയണൽ മെസിയെക്കുറിച്ചായിരിക്കും. ഈ ലോകകപ്പിൽ മികച്ച ഫോമിൽ കളിക്കുന്ന ലയണൽ മെസി ഇതുവരെ ഗംഭീര പ്രകടനമാണ് ടീമിനായി നടത്തിയിട്ടുള്ളത്. കളിമികവിന്റെ കാര്യത്തിൽ മറഡോണക്കൊപ്പമെന്നു വാഴ്ത്തപ്പെടുന്ന താരം മറഡോണയെപ്പോലെ ലോകകപ്പ് ഉയർത്തുന്നതോടെ എക്കാലത്തെയും വലിയ ഇതിഹാസമായി മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനു മെസിക്ക് കഴിയുമോയെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.
ഇന്നലെ ഫ്രാൻസ് സെമി ഫൈനലിൽ വിജയം നേടിയതോടെ പരിശീലകൻ ദിദിയർ ദെഷാംപ്സും മെസി കിരീടം നെടുമോയെന്ന ചോദ്യം നേരിടേണ്ടി വന്നെങ്കിലും അത് സംഭവിക്കാതിരിക്കാൻ ശ്രമിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. “അതൊരിക്കലും സംഭവിക്കാതിരിക്കാൻ മനുഷ്യന് സാധ്യമായ എല്ലാം ഞങ്ങൾ ചെയ്യും. മത്സരത്തിന് ശേഷം ഏതെങ്കിലുമൊരു ടീമിന് തങ്ങളുടെ ജേഴ്സിയിൽ മൂന്നാമത്തെ സ്റ്റാർ വെക്കാൻ കഴിയും.” ഫ്രാൻസും അർജന്റീനയും രണ്ടു ലോകകകിരീടങ്ങൾ നേടിയിട്ടുണ്ടെന്ന കാര്യം ഓർമിപ്പിച്ച് ദെഷാംപ്സ് പറഞ്ഞു.
ലോകകപ്പ് ഫൈനലിലെ ടീമുകളുടെ താരബലം നോക്കുമ്പോൾ ഫ്രാൻസിനു തന്നെയാണ് മുൻതൂക്കം. അതിനെ കൃത്യമായി ദെഷാംപ്സ് ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതാണ് രണ്ടു ലോകകപ്പുകളിൽ തുടർച്ചയായി ടീം ഫൈനലിലെത്താൻ കാരണമായത്. ഇത്തവണയും വിജയം നേടിയാൽ ചരിത്രനേട്ടമാണ് ഫ്രാൻസിനെയും ദെഷാംപ്സിനെയും കാത്തിരിക്കുന്നത്. അതേസമയം താരനിരയെ വെച്ച് നോക്കിയാൽ അർജന്റീനയുടെ കരുത്ത് പരിമിതമാണെങ്കിലും സ്കലോണിയെന്ന പരിശീലകനെയും ടീമിന്റെ നായകനായ മെസിയെയുമാണ് അവർ വിശ്വാസമർപ്പിക്കുന്നത്.