2022 ലോകകപ്പ് ഫൈനലിലെ ഏറ്റവും കരുത്തുറ്റ ടീമും കിരീടം നേടാൻ സാധ്യതയുള്ള സംഘവും ഫ്രാൻസാണെങ്കിലും ഏറ്റവുമധികം പിന്തുണ ലഭിക്കുന്നത് അർജന്റീനക്കാണ്. അവസാനത്തെ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിനായി ലയണൽ മെസി ഇറങ്ങുമ്പോൾ മെസി ആരാധകരും താരത്തിന്റെ മനോഹരമായ ഫുട്ബോൾ ഇഷ്ടപ്പെടുന്നവരുമെല്ലാം അർജന്റീനക്കാണ് തങ്ങളുടെ പിന്തുണ കൊടുക്കുന്നത്. അർജന്റീനയെ അപേക്ഷിച്ച് ഫ്രാൻസിന് വളരെയധികം പിന്തുണ കുറവാണെങ്കിലും ഫൈനലിനിറങ്ങുമ്പോൾ അതിന്റെ സമ്മർദ്ദം ടീമിനില്ലെന്നാണ് ഫ്രഞ്ച് പരിശീലകൻ ദെഷാംപ്സ് പറയുന്നത്.
“എനിക്കും അങ്ങിനെയുള്ള തോന്നലുകൾ ഉണ്ടാവാറുണ്ട്, പക്ഷെ ഞങ്ങൾ ഒറ്റക്കായി പോയതിൽ യാതൊരു പ്രശ്നവുമില്ല. അതെന്നെ ആശങ്കപ്പെടുത്തുന്നില്ല. ഇതുപോലെയുള്ള അനിശ്ചിതത്വം ഉണ്ടാവാറുണ്ട്. ഞങ്ങൾ ഇവിടെവരെയെത്തി, അർജന്റീനക്കെതിരായ മത്സരത്തിനായി സാധ്യമായ രീതിയിലെല്ലാം ഞങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. ലയണൽ സ്കലോണിക്കും ചില വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. അവർ ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ തോൽവി വഴങ്ങിയിരുന്നു. എന്നാൽ അവരും ഇവിടെയുണ്ട്.”
“ഞങ്ങൾക്ക് എല്ലാ ടീമുകളെയും നേരിടേണ്ടി വന്നിട്ടില്ല, പക്ഷെ ഞങ്ങൾ മത്സരം കളിച്ച എല്ലാവർക്കുമെതിരെ വിജയിച്ചു വരാൻ ടീമിന് കഴിഞ്ഞു. എനിക്ക് പ്രത്യേകിച്ച് ആശങ്കയും സമ്മർദ്ദവുമില്ല. ഒറ്റക്കെട്ടായി, ശ്രദ്ധയോടെ നിൽക്കുകയാണ് ഇതുപോലെയുള്ള മത്സരങ്ങൾക്ക് ചെയ്യാനുള്ളത്. ലോകകപ്പ് ഫൈനലാണെന്ന ചിന്തയും അതിനൊപ്പം തന്നെ വേണം.”
“കിരീടവുമായി തിരിച്ചു വരികയെന്നതാണ് പ്രധാന ലക്ഷ്യം. അർജന്റീനക്കാരും ലോകത്തുള്ള നിരവധിയാളുകളും ഫ്രാൻസിലുള്ള ചിലർ വരെ ലയണൽ മെസി കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് നിൽക്കുന്നുണ്ടാവുക. എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ ലക്ഷ്യം നിറവേറ്റുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.” ദെഷാംപ്സ് ഇന്ന് നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
ദെഷാംപ്സിനു കീഴിൽ നാലാമത്തെ ഫൈനലിനാണ് ഫ്രാൻസ് തയ്യാറെടുക്കുന്നത്. ഇതിൽ 2016 യൂറോ കപ്പ് മാത്രമാണ് ഫ്രാൻസ് തോറ്റിരിക്കുന്നത്. 2018ലെ ലോകകപ്പ്, 2021ലെ യുവേഫ നേഷൻസ് ലീഗ് എന്നിവയിലെല്ലാം ഫ്രാൻസ് വിജയം നേടി. ടൂർണമെന്റുകളിൽ വളരെ പരിചയസമ്പത്ത് ഫ്രാൻസിനുണ്ട് എന്നതും അർജന്റീനക്ക് വെല്ലുവിളിയാണ്.